
തിരക്കേറിയ വേനൽ സീസൺ: ജൂലൈ ആദ്യ രണ്ടാഴ്ച ഷാർജ വിമാനത്താവളം കൈകാര്യം ചെയ്യുന്നത് എട്ട് ലക്ഷത്തിലധികം യാത്രക്കാരെ
ഷാർജ: തിരക്കേറിയ വേനൽ സീസണിൽ ജൂലൈ 1 മുതൽ 15 വരെ 800,000ത്തിലധികം യാത്രക്കാരെ ഷാർജ അന്തർദേശിയ വിമാനത്താവളം കൈകാര്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും എല്ലാ യാത്രക്കാർക്കും മികച്ചതും, തടസമില്ലാത്തതുമായ യാത്രാനുഭവം പകരാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ പങ്കാളികളുമായി ഏകോപിപ്പിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
തിരക്കേറിയ സമയങ്ങളിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉണ്ടാകാവുന്ന കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ വിമാന യാത്രയ്ക്ക് മൂന്ന് മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തേണ്ടതാണ്.
വിമാന സമയങ്ങളും അപ്‌ഡേറ്റുകളും പരിശോധിക്കാൻ യാത്രക്കാർ തങ്ങളുടെ എയർലൈനുകളുമായി മുൻകൂട്ടി ബന്ധപ്പെടാനും അധികൃതർ നിർദേശിച്ചു.