ദുബായ്: യുഎഇയുടെ ചരിത്രത്തിൽ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് ഒരു മലയാളിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി. വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവിന് അഞ്ച് മില്യൺ ദിർഹമാണ് (11.5 കോടി ഇന്ത്യൻ രൂപ) നഷ്ട പരിഹാരം അനുവദിച്ചത്. വാഹനാപകടത്തില്‍ 5 മില്യൺ ദിർഹം നഷ്ട പരിഹാരം ലഭിക്കുന്ന യുഎഇ യിലെ രണ്ടാമത്തെ കേസാണിത്. രണ്ടു തവണയും ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് എന്ന സ്ഥാപനത്തിന്‍റെ ശ്രമഫലമായിട്ടാണ് ഇത് സാധ്യമായത്.
2022 മാര്‍ച്ച് 26 ന് നടന്ന ഒരപകടമാണ് കേസിനാധാരം. ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ ഡെലിവറി സാധനങ്ങളുമായി പോയ മലപ്പുറം കൂരാട് കുമ്മാളി വീട്ടിൽ ഉമ്മർ മകൻ ഷിഫിൻ എന്ന ഇരുപത്തിരണ്ടുകാരനെ ഒരു സ്വദേശി ഓടിച്ച കാര്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് ഷിഫിന് ഗുരുതരമായി പരുക്കേറ്റു. അപകടം നടന്നയുടൻ കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്താതെ പോയി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. അപകടം നടന്ന ഉടൻ തന്നെ ഷിഫിനെ അല്‍ ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകി.
രണ്ടാഴ്ച്ചത്തെ ചികിത്സക്ക് ശേഷം അല്‍ ഐനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അല്‍ ഐനിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏക മകന്‍റെ അപകടത്തെത്തുടർന്ന് പിതാവ് ഉമ്മർ സൗദി അറേബ്യയിലെ ജോലി ഉപേക്ഷിച്ച് അല്‍ ഐനിലെ ആശുപത്രിയില്‍ എത്തി. തലച്ചോറിനേറ്റ പരുക്ക് മൂലം ഈ യുവാവിന്‍റെ പത്തോളം അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഒന്നര വർഷത്തോളം ഇവിടെ വെന്‍റിലേറ്ററിൽ കഴിയേണ്ടി വന്നു.
പിന്നീട് അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. യുഎഇയിലെ വിദഗ്ദ്ധ ചികിത്സയുടെ ഫലമായി ഷിഫിന്‍റെ നില അൽപം മെച്ചപ്പെട്ടു. ഇതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാന്‍ കുടുംബം തീരുമാനിച്ചു. തുടർ ചികിത്സയ്ക്ക് ആവശ്യമായ പണം ഒരു വലിയ വെല്ലുവിളിയായി നിലകൊണ്ടു.
ഷിഫിൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ അൽ ഐൻ കെഎംസിസി പ്രവർത്തകരുടെ ഇടപെടലിന്‍റെ അടിസ്ഥാനത്തിൽ ഷാര്‍ജ ആസ്ഥാനമായ ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൽട്ടൻറ് ഈസാ അനീസ്, അഡ്വക്കേറ്റ് യു.സി. അബ്ദുല്ല, അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവര്‍ കേസ് ഏറ്റെടുക്കുകയായിരുന്നു.
ദുബായ് കോടതിയില്‍ നടന്ന കേസിനെ തുടര്‍ന്ന് ഷിഫിന്‍റെ നിലവിലെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥ മനസ്സിലാക്കിയ ഇൻഷുറൻസ് അതോറിറ്റി കോടതി ഷിഫിന് നഷ്ടപരിഹാരമായി 2.8 മില്യൺ ദിർഹം വിധിച്ചിരുന്നു. എന്നാൽ ഷിഫിന്‍റെ ശാരീരിക മാനസിക അവസ്ഥ പരിഗണിച്ചു കൂടുതൽ തുക ലഭിക്കാനുള്ള നടപടികളുമായി ഷിഫിന്‍റെ അഭിഭാഷകർ മുന്നോട്ടു പോയി. തുടർന്നുള്ള നിയമ നടപടികളിലൂടെ നഷ്ടപരിഹാര തുക 5 മില്യൺ ദിർഹം ആക്കി ഉയർത്തി കോടതി ഉത്തരവിട്ടു. എതിർ കക്ഷി ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിന് മുൻപ് ദുബായ് റാഷിദിയയിലുണ്ടായ ഒമാന്‍ ബസ്സപകടത്തില്‍ ഇരയായ ഇന്ത്യന്‍ യുവാവിന് സുപ്രീം കോടതി 5 മില്യൺ ദിർഹം നഷ്ട പരിഹാരം വിധിച്ചിരുന്നു. ഈ കേസിലും ഫ്രാൻ ഗൾഫ് അഡ്വക്ക്കേറ്റ്സാണ് നിയമ സഹായം നൽകിയത്.
ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സാണ് മുഖ്യ ഉപദേഷ്ടാവ് ശരീഫ് അൽവർദയുടെ മേൽനോട്ടത്തിൽ യുഎഇ അഡ്വക്കേറ്റ്മാരായ ഹസ്സൻ അശൂർ അൽമുല്ല, അഡ്വക്കേറ്റ് ഫരീദ് അൽ ഹസ്സൻ എന്നിവരാണ് ഇൻഷുറൻസ് അതോറിറ്റി മുതൽ വിവിധ കോടതികളിൽ നടന്ന കേസുകൾക്കു വേണ്ടി വിവിധ ഘട്ടങ്ങളിൽ ഹാജരായത്.
ഫ്രാൻ ഗൾഫ് ചീഫ് ലീഗൽ കൺസൽട്ടന്‍റ് ഈസ അനീസ്, ലീഗൽ കൺസൽട്ടന്‍റ് അഡ്വ.യു.എസ്. അബ്ദുള്ള, സിഇഒ അഡ്വ.മുഹമ്മദ് ഫാസിൽ,യുഎഇ അഭിഭാഷകൻ ഫരീദ് അൽ ഹസ്സൻ, ഷിഫിന്‍റെ മാതാപിതാക്കളായ ഉമ്മർ കുമ്മാലി, ജമീല എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നഷ്ടപരിഹാര തുകയുടെ ചെക്ക് ഷിഫിന്‍റെ മാതാപിതാക്കൾ ഏറ്റുവാങ്ങി.