വാഹനാപകട മരണം: മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ച് കോടതി

മലപ്പുറം സ്വദേശിയുടെ കുടുംബത്തിനാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്
Car accident death: Court grants compensation to Malayali's family

മുസ്തഫ

Updated on

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്‍റെ കുടുംബത്തിന് 4 ലക്ഷം ദിർഹം (ഏകദേശം 95.4 ലക്ഷം രൂപ) നഷ്ടപരിഹാരം ലഭിച്ചു. അൽ ബതീൻ-അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വച്ചാണ് 2023 ജൂലൈ 6ന് അപകടമുണ്ടായത്.

ബസിൽ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ ഇമാറാത്തി ഓടിച്ച കാറിടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ഫാൽകൺ ഐ ക്യാമറ ദൃശ്യങ്ങളിൽ നിന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുസ്തഫ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇതേത്തുടർന്ന്, അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി 20,000 ദിർഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനവും നൽകാൻ വിധിച്ചു.

എന്നാൽ, ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച്‌ നിയമ സ്ഥാപനം മുഖേന ദിയാധനത്തിന് പുറമെ, നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ കേസ് രജിസ്റ്റർ ചെയ്തു. ലീഗൽ ഹെയേഴ്സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി തുടങ്ങിയ രേഖകൾ സമർപ്പിച്ച് നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ, ദിയാ ധനത്തിന് പുറമെ 2 ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ, കുടുംബത്തിന് ആകെ 4 ലക്ഷം ദിർഹം ലഭിച്ചു. മാതാവും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com