
വിദേശ യാത്രയ്ക്ക് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: എന്ത്, എങ്ങനെ?
തിരുവനന്തപുരം: വിദേശരാജ്യത്തേക്ക് പഠനത്തിനോ ബിസിനസിനോ തൊഴിപരമോ മറ്റാവശ്യങ്ങള്‍ക്കോ പോകുന്ന അവസരത്തില്‍ മാതൃരാജ്യത്തുനിന്നുളള വിദ്യാഭ്യാസ (Educational), വ്യക്തിവിവര (Non-Educational) സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമാണെന്നും അംഗീകാരമുളളതാണെന്നും തെളിയിക്കുന്ന നടപടിയാണ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ (സാക്ഷ്യപ്പെടുത്തല്‍).
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എംഇഎ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.
പരമ്പരാഗത മഷി സീലുകള്‍ക്കു പകരം 23ഓളം പുതിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊളളിച്ചുളള ആധുനിക ഹൈ സെക്യൂരിറ്റി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യുആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനമാണ് നോര്‍ക്ക റൂട്ട്സിലേത്.
ക്യുആര്‍ കോഡ് ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ ട്രാക്ക് ആൻഡ് ട്രേസ് സംവിധാനവും ഉളളതാണ്. അതിനാല്‍ എംബസികള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത വളരെ വേഗം ഉറപ്പിക്കാന്‍ കഴിയും.