സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം പ്രൊഫ. കെ.എം. ഖാദർ മൊയ്തീന് സമ്മാനിച്ചു
സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം പ്രൊഫ. കെ.എം. ഖാദർ മൊയ്തീന് സമ്മാനിച്ചു
ദുബായ്: കേരളത്തിലുണ്ടായ സാമൂഹിക - വിദ്യാഭ്യാസ പുരോഗതിയിൽ സി.എച്ച്. മുഹമ്മദ് കോയയുടെ പങ്ക് നിസ്തുലമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗിന്‍റെ പ്രത്യയശാസ്ത്ര രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് സിഎച്ചാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് ഇന്‍റർനാഷണൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്‍റ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സ്മാർട്ട് സിറ്റി മുൻ സിഇഒ അബ്‌ദുല്ലത്തീഫ് മുഹമ്മദ് അൽ മുല്ലയും ചേർന്ന് സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം പ്രൊഫ. ഖാദർ മൊയ്തീന് സമ്മാനിച്ചു. ജൂറി അംഗങ്ങളായ പൊയിൽ അബ്‌ദുല്ല പ്രശംസാപത്രം സമ്മാനിക്കുകയും പി.എ. സൽമാൻ ഇബ്രാഹിം പൊന്നാടയണിയിക്കുകയും ചെയ്തു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി ഓൺലൈനിൽ ആശംസകൾ നേർന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, കോൺഗ്രസ് നേതാവ് അഡ്വ. ടി. സിദ്ദീഖ് എംഎൽഎ, മുഹമ്മദ് അഹമ്മദ് അൽ ഉമൈരി (സൗദി അറേബ്യ), ഡോ. പുത്തൂർ റഹ്‌മാൻ, പി.കെ. അൻവർ നഹ, നിസാർ തളങ്കര, ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ, യഹ്‌യ തളങ്കര, ഇസ്മായിൽ ഏറാമല, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി എന്നിവരും ജില്ലാ ഭാരവാഹികളും പങ്കെടുത്തു.
മുസ്തഫ നിസാമി (അറബ് എക്സ്പ്രെസ്), മുഹമ്മദ് ദിൽഷാദ് (മതാജർ ഗ്രൂപ്), മുഹമ്മദ് ശുഐബ് (യൂണീക് വേൾഡ്), സിറാജ് (ആജൽ), അയ്യൂബ് കല്ലട (വൈസ് വെഞ്ചേഴ്‌സ്), അഷർ അബ്ദുല്ല (ഈറ്റ് ആൻഡ് ഡ്രിങ്ക്), അലി മുബഷിർ (കമ്മിറ്റഡ് റിയൽ എസ്റ്റേറ്റ്), ഷബീർ അലി (അൽ അസ്രി സ്പോർട്സ്), ബാബു തിരുന്നാവായ (ലിങ്കൺ ഗ്രൂപ്), സുബൈർ (ഫുഡ്‌യാർഡ്), ബഷീർ (ബ്ലൂ മാർട്ട്), ഒ.പി. ഷൗക്കത്തലി (സെവൻ റോസസ്), ഹമീദ് നരിക്കോളി (സീ ഷെൽ), അഹമ്മദ് സിയാദ് (ഏഷ്യ ലൈവ്) എന്നിവർക്ക് ബിസിനസ് എക്സലൻസ് അവാർഡുകൾ നൽകി.
കോഴിക്കോട് സിഎച്ച് സെന്‍റർ ക്യാംപയിനിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുറ്റിയാടി, പേരാമ്പ്ര, ബാലുശേരി മണ്ഡലങ്ങളും; വെൽഫെയർ ക്യാംപയിൻ വിജയികളായ പേരാമ്പ്ര, എലത്തൂർ മണ്ഡലം കമ്മിറ്റികളും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. മുഹമ്മദ് അൻസാർ ഖിറാഅത്ത് നടത്തി. സുൽത്താൻ പാഷ, അനീസ്, ബെൻസീറ എന്നിവരുടെ നേതൃത്വത്തിൽ സിഎച്ച് അനുസ്മരണ ഗസലും നടന്നു. ജില്ലാ ജന. സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു.