
വെല്ലുവിളികൾ വർധിക്കുന്നു: സെപ്റ്റംബർ ഒന്ന് മുതൽ അബുദാബി സർവീസ് നിർത്തുമെന്ന് വിസ് എയർ
അബുദാബി: ബജറ്റ് വിമാന സർവിസ് കമ്പനിയായ വിസ് എയർ സെപ്തംബർ 1 മുതൽ അബുദാബി കേന്ദ്രീകരിച്ചുള്ള സർവീസ് നിർത്തുന്നു. മിഡിൽ ഈസ്റ്റ് മേഖലയിലെ രാഷ്ട്രീയ സാഹചര്യം, കടുത്ത മത്സരം എന്നിവ മൂലമാണ് അബുദാബിയുമായുള്ള സംയുക്ത സംരംഭത്തിൽ നിന്ന് ഒഴിവാകുന്നതെന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ നിന്ന് പ്രവർത്തനമാരംഭിച്ച ആദ്യ അൾട്രാ-ലോ-കോസ്റ്റ് കാരിയറാണ് വിസ് എയർ എ അബുദാബി.
എയർ അറേബ്യ, ജസീറ എയർവേയ്‌സ്, ഫ്ലൈ നാസ് തുടങ്ങിയ മറ്റ് തദ്ദേശ-മേഖലാ ബജറ്റ് കാരിയറുകൾ അബുദാബി ആസ്ഥാനമായി പ്രവർത്തനം നടത്തിയിരുന്ന വിസ് എയറിന് കടുത്ത മത്സരം സൃഷ്ടിച്ചു. ''മിഡിൽ ഈസ്റ്റിൽ മഹത്തായൊരു യാത്രയാണ് ഞങ്ങൾ നടത്തിയത്. പുതിയതും ചലനാത്മകവുമായ വിപണികളിൽ വിസ് ബ്രാൻഡ് വികസിപ്പിക്കാനുള്ള അക്ഷീണ പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കും സമർപ്പിതരായ ജീവനക്കാരോട് ഞാൻ നന്ദി പറയുന്നു'' - വിസ് എയർ സിഇഒ ജോസഫ് വരഡി പറഞ്ഞു.
പ്രഖ്യാപനത്തിന് ശേഷം തിങ്കളാഴ്ച ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വിസ് എയർ ഓഹരികൾ 1.84 ശതമാനം ഉയർന്ന് 1,051.0 പൗണ്ട് ആയി മാറി.