

ചത്താ പച്ച വ്യാഴം ഗൾഫ് തിയെറ്ററുകളിൽ
ദുബായ്: ഡബ്ല്യുഡബ്ല്യുഇ പ്രമേയമായും മട്ടാഞ്ചേരി പശ്ചാത്തലമായും ചിത്രീകരിച്ച മലയാള സിനിമ 'ചത്താ പച്ച വ്യാഴാഴ്ച ഗൾഫ് തിയറ്ററുകളിൽ റിലീസ് ചെയുന്നു. മോഹൻലാലിന്‍റെ അടുത്ത ബന്ധുവായ അദ്വൈത് നായരുടെ ആദ്യ സിനിമയാണിത്.സിനിമയോടുളള താല്‍പര്യം പറഞ്ഞപ്പോള്‍ ലാലു അങ്കിള്‍ സപ്പോർട്ട് ചെയ്തുവെന്ന് അദ്വൈത് പറഞ്ഞു. ചെയ്യുന്ന കാര്യങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും വേണമെന്നുളളത് അദ്ദേഹത്തിന് നിർബന്ധമാണ്,അതില്ലെങ്കില്‍ അത് തുറന്നുപറയുകയും ചെയ്യും. ചിത്രത്തിന്‍റെ ആദ്യ ടിക്കറ്റ് വാങ്ങികൊണ്ട്, ഈ സിനിമയിലുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞ ആ സുഹൃത്ത് ആരാണെന്ന് തനിക്കും മനസിലായിട്ടില്ലെന്നും അദ്വൈത് പറഞ്ഞു. സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും ഉണ്ടോ എന്ന ചോദ്യത്തിന്, കാത്തിരിക്കൂവെന്നായിരുന്നു അദ്വൈതിന്‍റെ മറുപടി.താന്‍ ഈ ടീമിനൊപ്പമുണ്ട്, തന്‍റെ ഒരു സുഹൃത്തുമുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.
ചിത്രത്തിൽ പ്രണവ് മോഹൻലാലിനെ അഭിനയിപ്പിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ 'അപ്പുചേട്ടനെ കണ്ടുകിട്ടുന്നത് തന്നെ അപൂർവം എന്നായിരുന്നു മറുപടി. കാണുമ്പോൾ ചിത്രത്തെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സ്വപ്നം ഈ സിനിമയാണ്.
അതിനപ്പുറം എന്ത് എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.ദുബായ് തന്‍റെ ഭാഗ്യ നഗരമാണെന്നും 'ചത്താപച്ച' യുടെ ആദ്യ ഷോ കാണുന്നത് ദുബായിലാണെന്നും നടന്‍ അർജുന്‍ അശോകന്‍ പറഞ്ഞു. ചെയ്ത് ശീലമുള്ള കഥാപാത്രം അല്ലാത്തതിനാൽ ആദ്യം ആശങ്കയുണ്ടായിരുന്നുവെന്ന് നടന്‍ അർജുന്‍ അശോകന്‍ പറഞ്ഞു. സംവിധായകൻ അദ്വൈതിന് സിനിമയെക്കുറിച്ചും പ്രമേയത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും വയലന്‍സിന്‍റെ അതിപ്രസരം സിനിമയിൽ ഇല്ലെന്നും നടൻ റോഷൻ മാത്യു പറഞ്ഞു. ആക്ഷനോടൊപ്പം നർമ്മവും സൗഹൃദവും ഉള്ള സിനിമയാണിതെന്നും അതുകൊണ്ട് തന്നെ എല്ലാ വിഭാഗം പ്രേക്ഷകർക്കും ചിത്രം സ്വീകാര്യമാവുമെന്നും റോഷൻ മാത്യു പറഞ്ഞു. നടന്മാരായ വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് നിർമ്മാതാക്കളിൽ ഒരാളായ ഷിഹാൻ ഷൗക്കത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. എമിറാത്തി ഇൻഫ്ലുൻസർ ഖാലിദ് അൽ അമീരിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ.