ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്: 2,000 കോടി രൂപ നിക്ഷേപിക്കുമെന്ന് യൂസഫലി

സംസ്ഥാനം നടപ്പിലാക്കിയ വ്യവസായ നയം നിക്ഷേപകർക്ക് മികച്ച പിന്തുണയും സഹകരണവുമാണ് നൽകുന്നത്
Chief Minister Mohan Yadav invites Lulu Group to Madhya Pradesh: Yusuf Ali says he will invest Rs 2,000 crore

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്: 2,000 കോടി രൂപ നിക്ഷേപിക്കുമെന്ന് യൂസഫലി

Updated on

ദുബായ്: ഭക്ഷ്യ-സംസ്കരണം, റീട്ടെയിൽ മേഖലകളിൽ നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ദുബായിൽ ആരംഭിച്ച വാർഷിക നിക്ഷേപക സംഗമത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ലുലുവിനെ മധ്യപ്രദേശിൽ നിക്ഷേപം നടത്തുന്നതിനായി ക്ഷണിച്ചത്.

തലസ്ഥാനമായ ഭോപ്പാൽ, ഇന്ദോർ, ഉജ്ജയിൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഷോപ്പിങ് മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്ത് മികച്ച അവസരങ്ങളാണ് നിലനിൽക്കുന്നതെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പിലാക്കിയ വ്യവസായ നയം നിക്ഷേപകർക്ക് മികച്ച പിന്തുണയും സഹകരണവുമാണ് നൽകുന്നത്. സംസ്ഥാന സർക്കാരിന്‍റെ എല്ലാ സഹായവും ലുലു ഗ്രൂപ്പിന് നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് എം.എ. യൂസഫലിയെ അറിയിച്ചു.

മധ്യപ്രദേശിൽ ഷോപ്പിങ് മാളുകൾ, ലുലു ഹൈപ്പർ മാർക്കറ്റ്, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവയ്ക്കായി 2,000 കോടി രൂപ നിക്ഷേപിക്കാൻ യൂസഫലി മുഖ്യമന്ത്രിയെ സന്നദ്ധത അറിയിച്ചു. ഇതിനായി ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഏ.വി. ആനന്ദ് റാമിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അടുത്ത് തന്നെ തുടർ ചർച്ചകൾക്കായി മധ്യപ്രദേശിലെത്തുമെന്നും യൂസഫലി പറഞ്ഞു.

അടുത്ത വർഷം വർഷം ജനുവരി ആദ്യവാരം ഭോപ്പലിൽ നടക്കുന്ന മധ്യപ്രദേശ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ യൂസഫലിയെ മുഖ്യമന്ത്രി ക്ഷണിച്ചു, മധ്യപ്രദേശ് ഭക്ഷ്യ സംസ്കരണ സെക്രട്ടറി ജോൺ കിംഗ്സ്സിലി, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിഷ്ണു വർദ്ധൻ റെഡ്ഡി, ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്റ്റർ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് സിഒഒ വി.ഇ. സലീം, ഡയറക്റ്റർ എം.എ. സലീം, ലുലു ഹോൽഡിങ്സ് സിഒഒ ഏ.വി. ആനന്ദ് റാം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com