

ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി നിയമം പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഡിജിറ്റൽ ലോകത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമം (ഫെഡറൽ നിയമം 26/ 2025) നിലവിൽ വന്നു. സമൂഹമാധ്യമങ്ങളും ഗെയിമിങ് ആപ്പുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ യുഎഇ ഭരണകൂടം കർശന നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി’ നിയമം പ്രഖ്യാപിച്ചു. വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, മെസ്സേജിങ് ആപ്പുകൾ, ഓൺലൈൻ ഗെയിമിങ്, സമൂഹമാധ്യമം തുടങ്ങി കുട്ടികൾക്ക് പ്രവേശനമുള്ള എല്ലാ ഡിജിറ്റൽ ഇടങ്ങൾക്കും ഈ നിയമം ബാധകമാണ്. എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും അവയിലെ ഉള്ളടക്കം, ഉപയോഗം, കുട്ടികളിലുണ്ടാക്കുന്ന സ്വാധീനം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിക്കും.
ഓരോ വിഭാഗത്തിനും അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണം.
ഇതിനായി പ്രായം തിരിച്ചുള്ള നിയന്ത്രണങ്ങൾ, കണ്ടന്റ് ഫിൽട്ടറിങ്, ഏജ് വെരിഫിക്കേഷൻ തുടങ്ങിയവ ഏർപ്പെടുത്തണം.13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനോ പങ്കുവയ്ക്കുന്നതിനോ പ്ലാറ്റ്‌ഫോമുകൾക്ക് അനുമതിയില്ല. വിദ്യാഭ്യാസ, ആരോഗ്യ സംബന്ധിയായ പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമേ ഇതിൽ ഇളവുകൾ ലഭിക്കൂ. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ ചൂതാട്ടങ്ങൾ, ബെറ്റിങ്, ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ തുടങ്ങൽ എന്നിവ പൂർണമായും നിരോധിച്ചു.
യുഎഇയിലെ ഇന്‍റർ നെറ്റ് സേവന ദാതാക്കൾ ഹാനികരമായ ഉള്ളടക്കങ്ങൾ തടയുന്നതിനുള്ള ഫിൽട്ടറിങ് സംവിധാനങ്ങൾ സജ്ജമാക്കണം. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാവൂ എന്നും രക്ഷിതാക്കൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും നിയമം അനുശാസിക്കുന്നു.