കുട്ടികളുടെ ബൗദ്ധിക വികാസം: ആപ്പുകൾ അവതരിപ്പിച്ച് ജ്യുവൽ സെന്‍റർ

രണ്ടു വർഷത്തെ ഗവേഷണത്തിന്‍റെ ഫലമായാണ് ഇവ വികസിപ്പിച്ചെടുത്തതെന്ന് ഇവർ വ്യക്തമാക്കി.
Children's intellectual development: Jewel Center introduces apps

കുട്ടികളുടെ ബൗദ്ധിക വികാസം: ആപ്പുകൾ അവതരിപ്പിച്ച് ജ്യുവൽ സെന്‍റർ

Updated on

ദുബായ്: കുട്ടികളുടെ ബൗദ്ധിക വികാസം നിർണയിക്കാനുള്ള അഞ്ച് ആപ്പുകൾ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ദുബായ് ആക്സസ് എബിലിറ്റീസ് എക്സ്പോയിൽ അവതരിപ്പിച്ച് ജ്യുവൽ ഓട്ടിസം റിഹാബിലിറ്റേഷൻ സെന്‍റർ. തുടക്കത്തിലെ ഓട്ടിസം ഉൾപ്പെടെയുള്ള വൈകല്യ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിന് മൊബൈൽ ആപ്പുകൾ സഹായിക്കുമെന്ന് ജ്യുവൽ ഓട്ടിസം റിഹാബിലിറ്റേഷൻ സെന്‍റർ സിഇഒ ഡോ. ജെൻസി ബ്ലെസനും ചെയർമാൻ ഡോ. ജെംസൺ സാമുവലും ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രണ്ടു വർഷത്തെ ഗവേഷണത്തിന്‍റെ ഫലമായാണ് ഇവ വികസിപ്പിച്ചെടുത്തതെന്ന് ഇവർ വ്യക്തമാക്കി. കൂടുതൽ നേരം സ്ക്രീനിൽ നോക്കിയിരിക്കുന്നത് മൂലുമുണ്ടാകുന്ന വെർച്വൽ ഓട്ടിസം തിരിച്ചറിയുന്നതിനുള്ളതാണ് ആദ്യത്തെ ആപ്ലിക്കേഷൻ. ഇതുപയോഗിച്ച് ഏതൊരാൾക്കും കുട്ടികളുടെ ഈ അവസ്ഥ തിരിച്ചറിയാൻ കഴിയുമെന്നു ഡോ. ജെൻസി ബ്ലെസനും ഡോ. ജെംസൺ സാമുവലും പറഞ്ഞു. കുട്ടികൾ സ്കൂളിൽ ചേരാൻ യോഗ്യരാണോ എന്നു പരിശോധിച്ച് അറിയുന്നതിനുള്ളതാണ് രണ്ടാമത്തെ ആപ്ലിക്കേഷൻ.

സ്കൂൾ റെഡിനസ് ആപ്പ് എന്ന സംവിധാനത്തിലൂടെ മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾ സ്കൂൾ പഠനത്തിനു മാനസികമായി പാകപ്പെട്ടോയെന്നു കണ്ടെത്താൻ മാതാപിതാക്കളെ സഹായിക്കുന്നു. കുഞ്ഞിന്‍റെ വളർച്ചയും ബുദ്ധിവികാസവും വീട്ടിലിരുന്നു തന്നെ പരിശോധിക്കാനുള്ളതാണ് ചൈൽഡ് എസ്കോർട്ട് ആപ്പ്. നാലു മാസം മുതലുള്ള കുട്ടികളുടെ ചലനം, പഠനം, സാമൂഹിക കഴിവുകൾ തുടങ്ങിയവ ആപ്പിലൂടെ തന്നെ പരിശോധിക്കാം.

ചില ശബ്ദങ്ങളോടും വസ്തുക്കളോടും അകലം പാലിക്കുന്ന കുട്ടികളുടെ സെൻസറി പ്രശ്നങ്ങൾ കണ്ടെത്തുന്നതിനുള്ളതാണ് നാലാമത്തെ ആപ്ലിക്കേഷനായ സെൻസോ ബ്ലൂം. പഴം പോലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാൻ വിസമ്മതിക്കുന്നതും ഗ്രൈൻഡറിന്‍റെയും മറ്റും ശബ്ദം സഹിക്കാൻ കഴിയാത്തതുമൊക്കെയാണ് സെൻസറി ഓട്ടിസത്തിന്‍റെ ലക്ഷണങ്ങൾ. ദൈനം ദിന ജീവിതത്തിലെ ജോലികളിൽ സഹായിക്കുന്നതാണ് അഞ്ചാമത്തെ ആപ്ലിക്കേഷൻ.

പല്ലുതേക്കുക, ഭക്ഷണം കഴിക്കുക, കൈ കഴുകുക, ഷൂ കെട്ടുക പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ കുട്ടികളുടെ വിമുഖത മാറ്റിയെടുക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. ഈ അപ്പുകളിലെ വിവരങ്ങൾ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാവൂവെന്ന് അധികൃതർ വിശദീകരിച്ചു. ഒറ്റ ക്യു ആർ കോഡിൽ അഞ്ച് ആപ്പുകളും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കുട്ടികളുടെ സ്ക്രീന്‍ ടൈം കുറയ്ക്കുകയെന്നുളളത് മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നും വളർച്ചയുടെ ഓരോ ഘട്ടങ്ങളും കൃത്യമായി നിരീക്ഷിക്കണമെന്നും ഡോ. ജെൻസി ബ്ലെസൺ പറഞ്ഞു.

രണ്ടര വയസ് കഴിഞ്ഞ കുട്ടിയുടെ സ്ക്രീൻ ടൈം ഒരു മണിക്കൂർ മാത്രമാണെന്ന് ഡോ. ജെൻസി ചൂണ്ടിക്കാട്ടി. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓട്ടിസത്തെ കുറിച്ച് ബോധവന്മാരായ മാതാപിതാക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വികസന വൈകല്യമുളള കുട്ടികളെ കൃത്യ സമയത്ത് പരിശീലന കേന്ദ്രങ്ങളിലെത്തിക്കാനും ചികിത്സ തേടാനും മാതാപിതാക്കള്‍ക്ക് സാധിക്കുന്നുവെന്നും അവർ പറഞ്ഞു. വാർത്താസമ്മേളത്തില്‍ ഡോ. ജെൻസി ബ്ലെസൺ, ഡോ. ജെയിംസൺ സാമുവൽ എന്നിവരെ കൂടാതെ ദുബായ് മുനിസിപാലിറ്റിയിലെ മാനേജർ ​ഷെയ്ഖ അലി അൽ കഅബിയും പങ്കെടുത്തു.

2007ൽ കോട്ടയത്താണ് ജ്യുവൽ പ്രവർത്തനം ആരംഭിച്ചത്. 2022 മുതൽ ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജ്യൂവൽ പ്രവർത്തിക്കുന്നു. ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, എബിഎ തെറപ്പി, സൈക്കോളജി എന്നിവയാണ് ഇവിടെ ലഭിക്കുന്ന സേവനങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com