
ദുബായ്: ചൈനയുടെ 75-ാമത് ദേശീയ ദിന-ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൈനീസ് യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി.
ടെർമിനൽ 1-ൽ നടന്ന പരിപാടിയിൽ ചൈനീസ് പതാകകളാൽ അലങ്കരിച്ച സ്കാർഫുകളും ആശംസാ കാർഡുകളും ഉൾപ്പെടെയുള്ള സ്മാരക സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
ചൈനീസ് ഭാഷയിൽ പ്രാവീണ്യമുള്ള ഇമിഗ്രേഷൻ ജീവനക്കാരും പാസ്‌പോർട്ട് കൺട്രോൾ ഓഫീസർമാരും ചൈനീസ് യാത്രക്കാരെ സ്വീകരിച്ചു. ചടങ്ങിൽ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികൾക്കും കുടുംബങ്ങൾക്കുമൊപ്പം ഫോട്ടോയും വീഡിയോയും എടുത്തു.
യുഎഇയും ചൈനയും തമ്മിലുള്ള സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങൾ വളരെ ശക്തമാണെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ദുബായ് എമിറേറ്റിനെ ഒരു സാംസ്കാരിക വൈവിധ്യമുള്ള ആഗോള നഗരമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ സ്വീകരണം സംഘടിപ്പിച്ചതെന്നും അദേഹം പറഞ്ഞു.