
നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ 'മധ്യപ്രദേശ് ബിസിനസ് ഇൻവെസ്റ്റ്‌മെന്‍റ് ഫോറം' യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്
ദുബായ്: മധ്യപ്രദേശിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്‍റെ ഭാഗമായി യുഎഇ യിൽ 'മധ്യപ്രദേശ് ബിസിനസ് ഇൻവെസ്റ്റ്‌മെന്‍റ് ഫോറം' നടത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ഫോറത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം യുഎഇയിൽ സന്ദർശനം നടത്തിയത്. എമിറേറ്റ്‌സ്, ഡിപി വേൾഡ്, ഇ &, ലുലു ഗ്രൂപ്പ്, ഷറഫ് ഡിജി, ടെക്‌ടൺ, ടാറ്റ ഗ്രൂപ്പ് തുടങ്ങിയവയുടെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി.
യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുമായി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് കൂടിക്കാഴ്ച നടത്തി. നിക്ഷേപം വളർത്തുക, വ്യാപാര സഹകരണം വർധിപ്പിക്കുക, മധ്യപ്രദേശും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയിലൂന്നിയായിരുന്നു ചർച്ചകളെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
യുഎഇയിലെ പ്രമുഖ വസ്ത്ര വ്യാപാരികളുമായി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് സംവദിക്കുകയും ദുബായ് ടെക്‌സ്റ്റൈൽ സിറ്റി സന്ദർശിക്കുകയും ചെയ്തു. യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഫെഡറേഷന്‍റെ സെക്രട്ടറി ജനറൽ ഹുമൈദ് മുഹമ്മദ് ബെൻ സലേം, അറബ് പാർലമെന്‍റ് പ്രസിഡന്‍റും യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അംഗവുമായ മുഹമ്മദ് അഹമ്മദ് അൽ യമഹ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
യുഎഇയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരും ഫ്രണ്ട്സ് ഓഫ് മധ്യപ്രദേശിന്‍റെ പ്രതിനിധികളും മുഖ്യ മന്ത്രിയെ ആദരിച്ചു. അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ അദ്ദേഹം സന്ദർശിച്ചു. മധ്യപ്രദേശിലെ വിപുലമായ ബിസിനസ് സാധ്യതകൾ നിക്ഷേപകർക്കും സംരംഭകർക്കും മേഖലയിലെ വിദഗ്ധർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള 'ഗ്ലോബൽ ഡയലോഗ് 2025' സംരംഭത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി യുഎഇ സന്ദർശിച്ചത്.