
ജിസിസി കപ്പ് ഫുട്ബോൾ ചാംപ്യൻമാരായ കോസ്റ്റൽ ട്രിവാൻഡ്രം ടീം.
ദുബായ്: പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് പൊലീസിന്‍റെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിലിന്‍റെ സഹകരണത്തോടെ നടത്തിയ ജിസിസി കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ കോസ്റ്റൽ ട്രിവാൻഡ്രം ജേതാക്കളായി. ടൈ ബ്രേക്കറിൽ മൂന്നിനെതിരേ നാലു ഗോളുകൾക്ക് ടോപ് ടെൻ ഒമാനെ പരാജയപ്പെടുത്തിയാണ് കോസ്റ്റൽ ട്രിവാൻഡ്രത്തിന്‍റെ കിരീടധാരണം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെത്തുടർന്നാണ് ടൈബ്രേക്കർ വേണ്ടിവന്നത്.
സെമി ഫൈനലിൽ ടോപ് ടെൻ ഒമാൻ, ക്ലബ് ഡി സ്വാത് മാൾട്ടയെയും കോസ്റ്റൽ ട്രിവാൻഡ്രം, അജ്‌മാൻ അൽ സബ ഹസ്‍ലേഴ്സിനെയുമാണ് തോൽപ്പിച്ചത്. ട്രോഫിക്കൊപ്പം ചാമ്പ്യന്മാർക്ക് 25,000 ദിർഹവും റണ്ണേഴ്‌സ് അപ്പിന് 10,000 ദിർഹവും സമ്മാനിച്ചു.
കോസ്റ്റൽ ട്രിവാൻഡ്രത്തിന്‍റെ ഫൈസൽ മികച്ച കളിക്കാരനായും ജോൺ മികച്ച വിദേശ കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ടീമിലെ ഷിജിനാണ് ടോപ് സ്‌കോറർ. ടോപ് ടെൻ ഒമാനിലെ രതിൻ ലാലിനെ മികച്ച ഡിഫൻഡറായും ഷഹബാസിനെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുത്തു.
ദുബായ് പൊലീസ് പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ പ്രസിഡന്‍റ് ഫാത്തിമ ബുഹജീർ, ദുബായ് പൊലീസിലെ ഉദ്യോഗസ്ഥരായ അഹമ്മദ് സാൻകാൽ, ജുമാ മുബാറക് പവർ ഗ്രൂപ്പ് ഡയറക്ടറും ടൂർണമെന്‍റ് കൺവീനറുമായ ഫിനാസ് എസ്‌പിസി, കോഓർഡിനേറ്റർമാരായ ഷബീർ മണ്ണാറിൽ, അബ്ദുൾ ലത്തീഫ് ആലൂർ, പ്രോസ്പരോ ഡയറക്റ്റർ അഡ്വ. ശ്രീലാൽ, ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ച് മീഡിയ ആൻഡ് മാർക്കറ്റിങ് മാനെജർ അസിം ഉമ്മർ എന്നിവർ സമ്മാനങ്ങൾ നൽകി.
പവർ ഗ്രൂപ്പ് ഡയറക്റ്റർമാരായ അസ്ലം ചിറക്കൽപടി, ദിലീപ് കക്കാട്ട്, ഷമീർ വലവക്കാട്, ഷബീർ കേച്ചേരി, ബഷീർ കാട്ടൂർ, നാസർ മങ്കടവ്, ഹസ്സൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
ജിസിസി രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ നിന്നും ഉൾപ്പെടെ എട്ട് ടീമുകളിലായി 160 കളിക്കാരാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. ഐഎസ്എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി, യുഎഇ ലീഗ് കളിക്കാരും ആഫ്രിക്കൻ ദേശിയ ടീമുകളിലെ കളിക്കാരും ടൂർണമെന്‍റിൽ അണിനിരന്നു.
ദുബായ് പോലീസ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടത്തിയത്. ദുബായ് പൊലീസിന്‍റെ പോസിറ്റിവ് സ്പിരിറ്റ് ക്യാംപെയ്നുമായി ചേർന്ന് 'സേ നോ ടു ഡ്രഗ്സ്, യെസ് ടു ഗെയിം' എന്ന മുദ്രാവാക്യമുയർത്തിയാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.