ദുബായ് പൊലീസിലെ ആദ്യ വനിതാ ബ്രിഗേഡിയറായി കേണൽ സമീറ അബ്ദുള്ള അൽ അലി

സമീറ നിലവിൽ സേനയിലെ ഇൻഷുറൻസ് വകുപ്പിന്‍റെ മേധാവിയാണ്.
Colonel Sameera Abdullah Al Ali the first female brigadier of Dubai Police

ദുബായ് പൊലീസിലെ ആദ്യ വനിതാ ബ്രിഗേഡിയറായി കേണൽ സമീറ അബ്ദുള്ള അൽ അലി

Updated on

ദുബായ്: ദുബായ് പൊലീസിന്‍റെ 70 വർഷത്തെ ചരിത്രത്തിലാദ്യമായി ബ്രിഗേഡിയർ പദവിയിൽ വനിതാ സാന്നിധ്യം. കേണൽ സമീറ അബ്ദുള്ള അൽ അലിക്കാണ് ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിച്ചത്. 1994-ൽ ദുബായ് പൊലീസിൽ ചേർന്ന കേണൽ സമീറ അബ്ദുള്ള അൽ അലി നിലവിൽ സേനയിലെ ഇൻഷുറൻസ് വകുപ്പിന്‍റെ മേധാവിയാണ്. 31 വർഷത്തിലേറെ നീണ്ട് നിൽക്കുന്ന ഔദ്യോഗിക ജീവിതത്തിൽ നവീകരണം, നേതൃത്വം, മികവ് എന്നിവയിൽ മികച്ച നേട്ടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. 'പത്ര പരസ്യം കണ്ടാണ് ദുബായ് പൊലീസിൽ ചേരാനുള്ള ശ്രമം നടത്തിയത്.

ഇൻഷുറൻസ് മേഖലയിലെ അക്കാദമിക് വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞാണ് പൊലീസിലെ ആ മേഖലയിൽ തന്നെ ജോലിയ്ക്ക് നിയോഗിച്ചത്. തുടക്കത്തിൽ രണ്ട് പേർ മാത്രമുള്ള ചെറിയ ഓഫീസ് മാത്രമായിരുന്നു അത്. ഇന്ന് ദുബായ് പൊലീസിന്‍റെ ആസ്തികളുമായി ബന്ധപ്പെട്ട മുഴുവൻ ഇൻഷുറൻസ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന പ്രധാന വിഭാഗമായി അത് മാറി.'-സമീറ അബ്ദുള്ള അൽ അലി പറഞ്ഞു.

ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂവിൽ ജോലി ചെയ്ത ആദ്യ വനിതയും സമീറ അബ്ദുള്ള അൽ അലിയായിരുന്നു. അപകടങ്ങളും ഇൻഷുറൻസ് ക്ലെയിമുകളും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള "SAND" സംരംഭത്തിന് മികച്ച അഡ്മിനിസ്ട്രേറ്റീവ് പ്രോജക്ട് ടീമിനുള്ള കമാൻഡർ-ഇൻ-ചീഫ് എക്സലൻസ് അവാർഡ്, ന്യൂസിലാൻഡിലെ സെന്‍റർ ഫോർ ഓർഗനൈസേഷണൽ എക്സലൻസ് റിസർച്ച് അംഗീകരിച്ച "സേഫ് ഡ്രൈവിംഗ് സ്റ്റാർസ്" സംരംഭത്തിന് നേതൃത്വം നൽകിയതിന് ഈവൻ-സ്റ്റാർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി വ്യക്തിഗത, ടീം അംഗീകാരങ്ങൾ ബ്രിഗേഡിയർ അൽ അലി നേടിയിട്ടുണ്ട്.

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമയും ഉള്ള ബ്രിഗേഡിയർ 392 ബാഡ്ജുകൾ, മെഡലുകൾ, അഭിനന്ദന സർട്ടിഫിക്കറ്റുകൾ എന്നിവ നേടിയിട്ടുണ്ട്, "ദുബായ് പൊലീസിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ സ്ഥാനക്കയറ്റം അഭിമാനകരമായ കാര്യമാണ്. സ്ത്രീകൾക്ക് രാജ്യത്തെ നയിക്കാനും സേവിക്കാനും തുല്യ അവസരങ്ങൾ നൽകുന്നതിൽ ദുബായ് പൊലീസ് കാണിക്കുന്ന പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണിത്." ബ്രിഗേഡിയർ അൽ അലി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് നൽകുന്ന പിന്തുണയ്ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അവർ നന്ദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com