

വൻ നിക്ഷേപത്തട്ടിപ്പ് സംഘത്തെ പിടികൂടി ദുബായ് പൊലീസ്
ദുബായ്: നിക്ഷേപ തട്ടിപ്പിലൂടെ ലഭിക്കുന്ന അനധികൃത പണം വെളുപ്പിക്കുന്നതിനായി ആളുകളെ സ്വാധീനിച്ച് ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും തുറക്കാൻ പ്രേരിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘടിത കുറ്റവാളി സംഘത്തെ ദുബായ് പൊലീസ് പിടികൂടി. ദുബായ് പൊലീസ് ജനറൽ കമാൻഡിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക ആവശ്യങ്ങളുള്ള വ്യക്തികളെ ലക്ഷ്യമിട്ട് പണം വാഗ്ദാനം ചെയ്താണ് സംഘം ആളുകളെ വലയിലാക്കിയിരുന്നത്. ഇവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും തുടങ്ങിയ ശേഷം അതിന്റെ ലോഗിൻ വിവരങ്ങളും നിയന്ത്രണവും തട്ടിപ്പുകാർ കൈക്കലാക്കും. തുടർന്ന് നിക്ഷേപ തട്ടിപ്പുകളിലൂടെയും മറ്റ് കുറ്റകൃത്യങ്ങളിലൂടെയും സമ്പാദിക്കുന്ന പണം ഈ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യുകയായിരുന്നു ഇവരുടെ രീതി.
പണത്തിന് വേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകളോ ഡിജിറ്റൽ വാലറ്റുകളോ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നതും ലോഗിൻ വിവരങ്ങൾ കൈമാറുന്നതും ഗുരുതരമായ നിയമനടപടികൾക്ക് കാരണമാകുമെന്ന് ദുബായ് പൊലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.
ഇത്തരം അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാനോ സാമ്പത്തിക തട്ടിപ്പുകൾക്കോ ഉപയോഗിച്ചാൽ അക്കൗണ്ട് ഉടമകളും നിയമത്തിന് മുന്നിൽ കുറ്റക്കാരായി മാറുമെന്ന് അധികൃതർ പറഞ്ഞു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ബാങ്കിങ് വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.
പണം വാഗ്ദാനം ചെയ്ത് അക്കൗണ്ടുകൾ തുടങ്ങാൻ പ്രേരിപ്പിക്കുന്നതായോ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസ് ഐ സേവനം, ഇ-ക്രൈം പ്ലാറ്റ്ഫോം, ദുബായ് പൊലീസ് വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ വഴിയോ 901 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ചോ വിവരം അറിയിക്കണമെന്ന് ദുബായ് പൊലീസ് അഭ്യർത്ഥിച്ചു.