
അബുദാബി: കോർപ്പറേറ്റ് നികുതിക്ക് കീഴിൽ വരുന്ന എല്ലാ വ്യക്തികളും മാർച്ച് 31-നകം നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റിആവശ്യപ്പെട്ടു. 2024 കലണ്ടർ വർഷത്തിൽ യുഎഇയിൽ ബിസിനസ് അല്ലെങ്കിൽ ബിസിനസ് പ്രവർത്തനം നടത്തുന്ന വ്യക്തിയുടെ, ആ കലണ്ടർ വർഷത്തിലെ മൊത്തം വിറ്റുവരവ് 1 മില്യൺ ദിർഹം കവിയുന്നുവെങ്കിൽ, അവർ കോർപ്പറേറ്റ് നികുതിയുടെ പരിധിയിൽ വരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയുടെ ഡിജിറ്റൽ നികുതി സേവനങ്ങൾ നൽകുന്ന എമറടാക്സ് പ്ലാറ്റ്‌ഫോം വഴി കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടത്താം.
വാറ്റ് അല്ലെങ്കിൽ എക്സൈസ് നികുതി രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനും ഒരു നികുതി രജിസ്ട്രേഷൻ നമ്പർ നേടാനും കഴിയും.
പുതിയ ഉപയോക്താക്കൾക്ക് യുഎഇയിലുടനീളമുള്ള ഒന്നിലധികം സർക്കാർ സേവന കേന്ദ്രങ്ങൾ വഴി അക്കൗണ്ടുകൾ തുറക്കാനും അപേക്ഷകൾ സമർപ്പിക്കാനും കഴിയും.