
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനെ 10 വർഷം തടവിന് ശിക്ഷിച്ച് കോടതി
അബുദാബി: സ്വകാര്യ വാഹനത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ അബുദാബി ക്രിമിനൽ കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചു. ജയിൽ ശിക്ഷ പൂർത്തിയായ ശേഷം പ്രതി ഇരയുടെ വീടിനടുത്ത് താമസിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്.
പത്ത് വയസുള്ള കുട്ടിയെ പ്രതിയുടെ വാഹനത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഇരയുടെ ബന്ധു പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സംഭവദിവസം പ്രതിയുടെ വാഹനം സ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ദൃശ്യങ്ങളിൽ കാർ ഒരു സ്കൂളിന് സമീപം ദീർഘനേരം പാർക്ക് ചെയ്തിരുന്നതായി സംഘത്തിന് ബോധ്യപ്പെട്ടു.
ഇതുൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. രാജ്യത്ത് താമസിക്കുന്ന കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി രൂപം കൊടുത്ത വദീമ നിയമ പ്രകാരമാണ് ഇത്തരം കേസുകളിൽ കോടതി ശിക്ഷ വിധിക്കുന്നത്.