ദുബായിൽ 150 കോടി ദിർഹത്തിന്‍റെ സാമ്പത്തിക പാക്കേജ് അനുവദിച്ച് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

കച്ചവടക്കാർക്കും കമ്പനികൾക്കും നിരവധി ആനുകൂല്യങ്ങൾ
Crown Prince Sheikh Hamdan approves Dh1.5 billion economic package in Dubai'

കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Updated on

ദുബായ്: ദുബായിലെ കച്ചവടക്കാർക്കും കമ്പനികൾക്കും വലിയ ആശ്വാസമേകുന്ന പുതിയൊരു സാമ്പത്തിക സഹായ പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 150 കോടി ദിർഹത്തിന്‍റെ ഇളവുകളാണ് ഈ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ നൽകിയ 100 കോടി ദിർഹത്തിന്‍റെ സഹായത്തിന് പുറമെയാണിത്. സ്ഥാപനങ്ങളുടെ ബിസിനസ് ചിലവുകൾ കുറയ്ക്കാനും ദുബായിലെ സാമ്പത്തിക രംഗം കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഹോട്ടൽ മുറികൾക്കും റെസ്റ്റോറന്‍റുകൾക്കും ഉണ്ടായിരുന്ന മുനിസിപ്പാലിറ്റി നികുതിയും 'ടൂറിസം ദിർഹം' ഫീസും താൽക്കാലികമായി ഒഴിവാക്കി. ഹോട്ടലുകളിലെ സെയിൽസ് ഫീസും നൽകേണ്ടതില്ല.

എക്സിബിഷനുകൾ, കായിക-വിനോദ പരിപാടികൾ എന്നിവയുടെ പെർമിറ്റ് ഫീസുകൾ പൂർണ്ണമായും ഒഴിവാക്കി. പരിപാടികൾ മാറ്റിവെച്ചാലോ റദ്ദാക്കിയാലോ ഉള്ള പിഴയും നൽകേണ്ടതില്ല.

സ്വകാര്യ സ്കൂളുകളുടെയും നഴ്സറികളുടെയും ലൈസൻസ് പുതുക്കൽ ഫീസും പിഴകളും അടയ്ക്കാൻ കൂടുതൽ സമയം അനുവദിച്ചു. ചെറുകിട കമ്പനികളുടെ ബിസിനസ് ലൈസൻസ് കാലാവധി അധിക പണം ഈടാക്കാതെ രണ്ട് വർഷത്തേക്ക് കൂടി നീട്ടിനൽകും. കസ്റ്റംസ് നികുതികൾ തവണകളായി അടയ്ക്കാൻ സൗകര്യമുണ്ടാകും. കസ്റ്റംസ് പിഴകളിൽ 80% വരെ ഇളവും ലഭിക്കും.

ബിസിനസ് രംഗത്തുള്ളവർക്ക് കൈത്താങ്ങാകാനും അവരുടെ പ്രതിസന്ധികൾ പരിഹരിക്കാനും ദുബായ് സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com