
ക്രൂസ് കൺട്രോൾ തകരാറിലായി; ഡ്രൈവറെ രക്ഷപെടുത്തി ദുബായ് പൊലീസ്
ദുബായ്: എമിറേറ്റ്സ് റോഡിലൂടെ അബുദാബിയിലേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്‍റെ ക്രൂസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് പരിഭ്രാന്തിയിലായ ഡ്രൈവറെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. കാറിന്‍റെ ക്രൂസ് കൺട്രോൾ സംവിധാനം തകരാറിലായതിനെ തുടർന്ന് വാഹനത്തിന്‍റെ വേഗത നിയന്ത്രിക്കാനോ ബ്രേക്കോ ആക്സിലറേറ്ററോ ഉപയോഗിക്കാനോ ഡ്രൈവർക്ക് സാധിക്കാതെ വരികയായിരുന്നുവെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലെം ബിൻ സുബൈദാൻ അറിയിച്ചു.
വിവരം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പൊലീസ് പട്രോൾ സംഘം വാഹനം കണ്ടെത്തുകയും . കാർ സുരക്ഷിതമായി നിർത്തുന്നതുവരെ ഉദ്യോഗസ്ഥർ ഫോണിലൂടെ ഡ്രൈവർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
മറ്റ് വാഹനങ്ങളുമായി കൂട്ടിയിടി ഒഴിവാക്കുന്നതിനായി പട്രോൾ സംഘം കാറിന് ചുറ്റും ഒരു 'സുരക്ഷാ ഇടനാഴി' സൃഷ്ടിച്ച് ട്രാഫിക് നിയന്ത്രിച്ചു. പൊലീസിന്‍റെ കൃത്യമായ ഇടപെടൽ മൂലം കാരണം ഡ്രൈവർക്ക് റോഡിന്‍റെ വശത്ത് വാഹനം സുരക്ഷിതമായി നിർത്താൻ സാധിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ധരിക്കുക, ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യുക, 999 എന്ന നമ്പറിൽ സഹായം തേടുക എന്നിവയാണ് ആദ്യം ചെയ്യേണ്ടത്.
കൂടാതെ, ഗിയർ ന്യൂട്രലിലേക്ക് മാറ്റാൻ ശ്രമിക്കുക, എൻജിൻ ഓഫ് ചെയ്ത് വീണ്ടും സ്റ്റാർട്ട് ചെയ്യുക, അല്ലെങ്കിൽ വാഹനം നിൽക്കുന്നതുവരെ ബ്രേക്കിൽ സ്ഥിരമായി പ്രഷർ നൽകുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.