ദുബായ്: സിഎസ്ഐ ദുബായ് മലയാളം ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. വൈകുന്നേരം 6.30ന് ദുബായ് ജെംസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മദ്ധ്യ കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ മലയിൽ സാബു കോശി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. ഇടവക വികാരി രാജു ജേക്കബ് അധ്യക്ഷത വഹിക്കും. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയായി പങ്കെടുക്കും. രൂപത ട്രഷററും ദുബായ് ഇടവക മുൻ വികാരിയുമായ ജി.ജി. ജോൺ ജേക്കബ് പരിപാടിയിൽ പങ്കെടുക്കും.
50 വർഷം പിന്നിട്ട ഇടവക ഈ ദേശത്തിലെ ഭരണാധികാരികളോട് തങ്ങൾക്കു ലഭിച്ച ആരാധന സ്വാതന്ത്ര്യത്തിന് നന്ദി അറിയിക്കുന്നതായി ഇടവക വികാരിയും ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനില്ക്കുന്ന ആഘോഷ പരിപാടികളാണ് ഇടവക നേതൃത്വം ഒരുക്കിയിട്ടുള്ളത്.
സിഎസ്ഐ മദ്ധ്യ കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ മലയിൽ സാബു കോശി ചെറിയാൻ,രൂപത ട്രഷറർ ജിജി ജോൺ ജേക്കബ്,ഇടവക വികാരി രാജു ജേക്കബ്,ഇടവക സ്ഥാപകാംഗം മാത്യു വർഗീസ്,ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ ജോൺ കുര്യൻ,ഇടവക വൈസ് പ്രസിഡന്റ് എ പി ജോൺ, ജൂബിലി പബ്ലിസിറ്റി കൺവീനർ സോളമൻ ഡേവിഡ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.