

അപകടകരമായ ഡ്രൈവിങ്ങ്: വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്
ദുബായ്: റോഡിൽ മറ്റ് വാഹനങ്ങൾക്ക് വലിയ രീതിയിൽ അപകടമുണ്ടാക്കുന്ന വിധം കാർ അശ്രദ്ധമായി ഓടിക്കുകയും, സഹയാത്രികൻ ജനാലയിലൂടെ പുറത്തേക്കിറങ്ങി ചിത്രങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ ഉൾപ്പെട്ട വാഹനം ദുബായ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവിങ്ങിനിടയിലെ ഇത്തരം ഗുരുതരമായ നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
റോഡിലെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം അപകടകരമായ അഭ്യാസപ്രകടനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രവണതകൾ ഡ്രൈവർമാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയാണെന്നും, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴയും വാഹനം കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.