The date fair has started in Daid
ദൈദിൽ ഈത്തപ്പഴ മേളക്ക് തുടക്കമായി

ദൈദിൽ ഈത്തപ്പഴ മേളക്ക് തുടക്കമായി

എസ്‌സിസിഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു
Published on

ഷാർജ: യുഎഇയിലെ ഏറ്റവും പ്രധാന കാർഷിക, പൈതൃക പരിപാടികളിലൊന്നായ അൽ ദൈദ് ഈത്തപ്പഴ മേളയുടെ 2024 എഡിഷൻ എക്‌സ്‌പോ അൽ ദൈദിൽ തുടങ്ങി. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ യുഎഇയിലെമ്പാടുമുള്ള ഈത്തപ്പഴ ഉൽപാദകർ, ചില്ലറ വ്യാപാരികൾ, കർഷകർ, ഈത്തപ്പന ഫാം ഉടമകൾ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തമുണ്ട്. ഈത്തപ്പഴ കൃഷിയിലും അനുബന്ധ വ്യവസായങ്ങളിലും ഏർപ്പെട്ടിരിക്കുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ഇതിൽ പങ്കാളിത്തമുണ്ട്.

ഷാർജ ചേംബറിലെ നിരവധി ബോർഡ് അംഗങ്ങൾക്കൊപ്പം എസ്‌സിസിഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഷാർജ ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവദി, എസ്‌സിസിഐയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഷംസി എന്നിവർ പങ്കെടുത്തു. അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജനറൽ കോഡിനേറ്റർ മുഹമ്മദ് മുസാബഹ് അൽ തുനൈജിയും അൽ ദൈദ് നഗരത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

The date fair has started in Daid

കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനും മുന്നേറുന്നതിനുമുള്ള ഷാർജ ചേംബറിന്‍റെ നയത്തിന്‍റെ അവിഭാജ്യ ഘടകമാണ് അൽ ദൈദ് ഈത്തപ്പഴോത്സവമെന്ന് അൽ ഉവൈസ് പറഞ്ഞു. പൊതു സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്ന സമഗ്രമായ കാഴ്ചപ്പാടിനനുസൃതമായി, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഷാർജയിലെയും യുഎഇയിലെയും ഈത്തപ്പഴ കൃഷിയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനുമാണ് ഫെസ്റ്റിവൽ മുൻഗണന നൽകുന്നത് എന്നും അദേഹം പറഞ്ഞു.

ഷാർജ ചേംബർ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനും മികച്ച ഈത്തപ്പഴ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ താല്പര്യമുള്ള പ്രാദേശിക കർഷകരുടെ വർധിച്ചു വരുന്ന പങ്കാളിത്തത്തിനും അൽ ദൈദ് ഈത്തപ്പഴോത്സവം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്ക് മാത്രമായി "ബെസ്റ്റ് സ്റ്റഫ്ഡ് ഡേറ്റ്സ് ഡിഷ്" എന്ന മത്സരം ഫെസ്റ്റിവലിൽ സംഘടിപ്പിക്കുന്നുണ്ട്. പരിപ്പ്, പഴങ്ങൾ, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങൾ നിറച്ച ഈത്തപ്പഴ വിഭവങ്ങൾ ഉൾപ്പെടുന്ന മത്സരത്തിൽ വിലയേറിയ സമ്മാനങ്ങൾ നൽകുന്നു. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം.