

യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: : മയക്കുമരുന്ന് വിൽപന നടത്തിയ കേസിൽ പിടിയിലായ യുവാവിന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത എല്ലാ ലഹരിമരുന്നുകളും കണ്ടുകെട്ടാനും ഉത്തരവിൽ പറയുന്നു. 28കാരനായ ഏഷ്യൻ പൗരനാണ് ശിക്ഷ ലഭിച്ചത്. ഈ വർഷം ഏപ്രിലിലാണ് സംഭവം നടന്നത്. വിൽപനക്കായി ലഹരിമരുന്ന് കൈവശം വെച്ചിട്ടുള്ള ഏഷ്യൻ പൗരനെ കുറിച്ച് ലഹരിവിരുദ്ധ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യക്കാരനായി ചമഞ്ഞ് പ്രതിക്കായി കെണിയൊരുക്കി.
പറഞ്ഞ സ്ഥലത്ത് എത്തിയ പ്രതി 200 ദിർഹത്തിന് ലഹരി മരുന്ന് പൊലീസിന് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ യു.എ.ഇയിൽ നിരോധിച്ച ലഹരി മരുന്നായ മെത്തഫെറ്റമിൻ അടങ്ങിയ ഏകദേശം 24 ഗ്രാം വെള്ള ക്രിസ്റ്റൽ മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലായി കണ്ടെത്തി. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും ലബോറട്ടറി പരിശോധനയിൽ വ്യക്തമായി.ചോദ്യം ചെയ്യലിൽ പ്രതി ഇക്കാര്യം സമ്മതിച്ചു. ഏഷ്യൻ ഡീലറിൽ നിന്നാണ് ലഹരി മരുന്ന് വാങ്ങിയതെന്നും അയാളെ അറിയില്ലെന്നും ഇയാൾ മൊഴി നൽകി