

പ്രവാസി ക്ഷേമനിധിയിൽ നിന്ന് 60 വയസ് കഴിഞ്ഞവരെ ഒഴിവാക്കാനുള്ള തീരുമാനം: 'നോർക്ക'യ്ക്കും ക്ഷേമനിധി ബോർഡിനും നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: 60 വയസിനു മുകളിലുള്ള പ്രവാസികളെ കേരള പ്രവാസി ക്ഷേമനിധിയിൽനിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ പ്രതിനിധികളായ ആറു മുതിർന്ന പൗരന്മാർ സമർപ്പിച്ച റിട്ട് ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികളായ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക വകുപ്പിനും പ്രവാസി ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
. കേസ് മേയ് മാസം 21 -ന് വീണ്ടും പരിഗണിക്കും. 2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ സെഷൻ 6 പ്രകാരമുള്ള പ്രായപരിധി ഏകപക്ഷീയവും വിവേചനപരവുമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 പ്രകാരമുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്നും ഹർജിക്കാരായ കുഞ്ഞുമാണിക്കൻ കുഞ്ഞുമോൻ, മുഹമ്മദ് സലീം, ശോഭൻലാൽ ബാലകൃഷ്ണൻ, ശ്രീകുമാർ നാരായണൻ, രാജേഷ് കുമാർ, സോമനാഥൻ എന്നിവർ ചൂണ്ടിക്കാട്ടി.
62 നും 72 നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരാണ് ഹർജിക്കാർ. പതിറ്റാണ്ടുകൾ വിദേശത്ത് കഠിനാധ്വാനം ചെയ്യുകയും കേരളത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടും ജീവിതത്തിന്‍റെ സായന്തനകാലത്ത് ചെറിയ തുക പെൻഷൻ പോലും പ്രവാസികൾക്ക് നിഷേധിക്കുന്നത് നീതീകരിക്കാനാവുന്നതല്ല.
വിദേശത്തായിരുന്നപ്പോൾ പദ്ധതിയെക്കുറിച്ചുള്ള അവബോധക്കുറവ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിലെ നടപടിക്രങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ 60 വയസ് തികയുന്നതിനു മുമ്പ് ക്ഷേമ പദ്ധതിയിൽ ചേരാൻ കഴിഞ്ഞില്ലെന്ന് ഹർജിക്കാർ പറയുന്നു. ഹർജികാർക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ് പി. ഹമീദ്, ആർ. മുരളീധരൻ, വിമൽ വിജയ്, റെബിൻ വിൻസന്‍റ് എന്നിവർ കോടതിയിൽ ഹാജരായി.