

ദുബായ്, ഷാർജ റോഡുകളിൽ വാഹനം ഓടിക്കുന്ന ഡെലിവറി റൈഡർമാർക്ക് നിയന്ത്രണം.
ദുബായ്: ബൈക്ക് ഡെലിവറി റൈഡർമാർ അതിവേഗ പാതകൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നിലവിൽ വന്നു. ദുബായ്, ഷാർജ റോഡുകളിൽ വാഹനം ഓടിക്കുന്ന ഡെലിവറി റൈഡർമാർക്കാണ് നിയമം ബാധകമാവുന്നത്.
മൂന്നോ അതിൽ കൂടുതലോ ലെയ്നുകളുള്ള റോഡുകളിൽ ഇടതുവശത്തെ 2 ലെയ്നുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക്. 2 ലെയ്നുകൾ മാത്രമാണെങ്കിൽ വലതുവശത്തെ പാതയാണ് ഉപയോഗിക്കേണ്ടത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആടിഎ) അറിയിച്ചു.
നിയന്ത്രിത ലെയ്ൻ നിയമം ലംഘിച്ചാൽ 500 ദിർഹമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 700 ദിർഹമായി വർധിക്കും. മൂന്നാമതും നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.
വേഗപരിധി മറികടക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ 300 ദിർഹമാകും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ ഈടാക്കും. നിയമലംഘകരെ കണ്ടെത്താൻ 24 മണിക്കൂറും നിരീക്ഷണവും ശക്തമാക്കി.
നിശ്ചിത പാതയിലൂടെയല്ലാതെ സഞ്ചരിക്കുന്ന ഹെവി വാഹന ഡ്രൈവർമാർക്ക് 1500 ദിർഹം പിഴയും 12 ബ്ലാക് പോയിന്‍റുമാണ് ശിക്ഷ.