
ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായിൽ തുടക്കം
ദുബായ്: ഇന്ത്യയിലെ പ്രമുഖ ആയുർവേദ ചികിത്സാ കേന്ദ്രമായ ധന്വന്തരി വൈദ്യശാലയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായിൽ തുടക്കമായി. ബർ ദുബായിലെ അൽ ഐൻ സെന്‍ററിന്‍റെ രണ്ടാം നിലയിലാണ് പുതിയ സ്ഥാപനം പ്രവർത്തനം തുടങ്ങിയതെന്ന് ധന്വന്തരി വൈദ്യശാല മാനേജിങ് ഡയറക്റ്റർ ഡോ. സതീഷ് കുമാർ നമ്പൂതിരി ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'ധന്വന്തരി ഗ്ലോബൽ' എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ദുബായിലെ കേന്ദ്രം. ബഹ്റൈൻ, ഖത്തർ, ഒമാൻ, ഫിലിപ്പീൻസ്, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഞങ്ങൾ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ തയാറെടുക്കുകയാണ്. 2026-ഓടെ ഇവയെല്ലാം പ്രവർത്തനസജ്ജമാകും. ഈ ആഗോള പദ്ധതികൾക്കെല്ലാം മാതൃകയാവുന്നത് ദുബായിലെ ധന്വന്തരി ആയുർവേദിക് മെഡിക്കൽ സെന്‍ററാണ്," ഡോ. സതീഷ് കുമാർ നമ്പൂതിരി പറഞ്ഞു.
അർബുദവും പ്രമേഹവുമാണ് ഇന്ന് മനുഷ്യരാശി ഭയക്കുന്ന രണ്ട് പ്രധാന രോഗങ്ങൾ. മരുന്നുകളില്ലാതെ ആരോഗ്യത്തോടെ ജീവിക്കാനും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു 'ജീവിതചര്യ' വികസിപ്പിച്ചിട്ടുണ്ടെന്ന് ഡോ. സതീഷ് വിശദീകരിച്ചു. പ്രമേഹത്തെയും അതിന്‍റെ സങ്കീർണ്ണതകളെയും തടയാനും ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള ആധികാരിക ചികിത്സാരീതികൾ ഇനിമുതൽ യുഎഇയിലും ലഭ്യമാകുമെന്നും ഡോ. സതീഷ് കുമാർ കൂട്ടിച്ചേർത്തു.
ജീവിതശൈലീ രോഗങ്ങളെ പൂർണ്ണമായി മാറ്റിയെടുക്കുന്നതിനുള്ള ചികിത്സകൾക്കാണ് യുഎഇ യിൽ പ്രാധാന്യം നൽകുന്നതെന്നും ഇതിനുള്ള ആധുനിക സംവിധാനങ്ങളും ചികിത്സകളും ഇവിടെയുണ്ടെന്നും മെഡിക്കൽ ഡയറക്റ്ററും ചീഫ് ഫിസിഷ്യനുമായ ഡോ. സത്യ കെ. പിള്ള പറഞ്ഞു. നേത്രരോഗങ്ങൾക്കുള്ള തർപ്പണം, ചർമ്മ-കേശ സംരക്ഷണ ചികിത്സകൾ എന്നിവയും ഉടൻ ആരംഭിക്കുമെന്ന് ഡോ. സത്യ വ്യക്തമാക്കി.
ധന്വന്തരി യുഎഇ മാനേജിങ് ഡയറക്റ്റർ മുരളീധരൻ എകരൂൽ ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികൾ വിശദീകരിച്ചു. "ധന്വന്തരിയുടെ പാരമ്പര്യം ഗൾഫ് മുഴുവൻ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി ഫ്രാഞ്ചൈസി, നേരിട്ടുള്ള മെഡിക്കൽ സെന്‍ററുകൾ, കൂടാതെ റഫറൽ യൂണിറ്റുകളായി കിയോസ്ക് മോഡലുകൾ എന്നിവയും ഞങ്ങൾ അവതരിപ്പിക്കും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 10 നേരിട്ടുള്ള ഔട്ട്ലെറ്റുകൾ തുറക്കാനാണ് പദ്ധതിയിടുന്നതെന്ന് ധന്വന്തരി യുഎഇ മാനേജിങ് ഡയറക്റ്റർ മുരളീധരൻ എകരൂൽ പറഞ്ഞു. കേരളത്തിലെ ധന്വന്തരി ആശുപത്രികളിലേക്ക് യുഎഇയിൽ നിന്നു ധാരാളം രോഗികൾ ചികിത്സയ്ക്കായി എത്താറുണ്ടെന്നും ദുബായിൽ ധന്വന്തരി നേരിട്ട് എത്തിയതോടെ തങ്ങളുടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആളുകൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും എജിഎം എൻ. ബിന്ദു പറഞ്ഞു.
ബർ ദുബായിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ആയുർ സത്യയെ ധന്വന്തരി ഏറ്റെടുത്തതിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്കായി പുതിയ പാക്കേജുകൾ അവതരിപ്പിക്കുമെന്ന് അറിയിച്ചു. ദുബായിലെ സ്ഥിരം ഉപയോക്താക്കൾക്കായി സിൽവർ, ഗോൾഡ്, ഡയമണ്ട് എന്നിങ്ങനെ ദീർഘകാല ചികിത്സാ പാക്കേജുകൾ ഉടൻ ആരംഭിക്കുമെന്ന് മാനേജറും ഫിസിഷ്യനുമായ ഡോ. ജൈസം അബ്ദുള്ള അറിയിച്ചു.