ദുബായ് ഹോട്ടലുകളിൽ ഡിജിറ്റൽ ചെക്ക്-ഇൻ സംവിധാനം വരുന്നു
ദുബായ്: ദുബായിലെ ഹോട്ടലുകളിൽ ഇനി ചെക്ക്-ഇൻ ചെയ്യുന്നതിന് ഡിജിറ്റൽ, കോൺടാക്റ്റ്‌ലെസ് സംവിധാനം നിലവിൽ വരുന്നു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകി.
ഇത് പ്രകാരം ഉപയോക്താക്കൾ അവരുടെ ഐഡി വിവരങ്ങളും ബയോമെട്രിക് ഡേറ്റയും ഒരു തവണ അപ്‌ലോഡ് ചെയ്യണം. പിന്നീടുള്ള സന്ദർശനങ്ങളിൽ ഈ ഡിജിറ്റൽ ഡേറ്റ ഉപയോഗിച്ച് കാത്തിരിപ്പില്ലാതെ കോൺടാക്റ്റ്‌ലെസ് ചെക്ക്-ഇൻ സാധ്യമാകും.
ദുബായ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റൽ സംവിധാനം വഴി ഹോട്ടലുകളിലെ സ്ഥിരം ഉപയോക്താക്കൾക്ക് ഇനി ഫ്രണ്ട് ഡെസ്‌കിൽ ക്യൂ നിൽക്കേണ്ട ആവശ്യം ഒഴിവാക്കാം. ഹോട്ടലിൽ എത്തുന്നതിന് മുൻപ് തന്നെ അതിഥികൾക്ക് മൊബൈൽ ഫോൺ വഴി ചെക്ക്-ഇൻ പൂർത്തിയാക്കാം. 2025ലെ ആദ്യ പത്ത് മാസങ്ങളിൽ 15.70 ദശലക്ഷം രാജ്യാന്തര സന്ദർശകരാണ് ദുബായിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനവാണിത്
