
ഡോ. ഷംഷീർ വയലിന്‍
ദുബായ്: യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ ദുബായിയുടെ ഈ വർഷത്തെ 'ചാരിറ്റബിൾ ആക്റ്റ് ഓഫ് ദി ഇയർ' പുരസ്കാരം ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന് സമ്മാനിക്കും. സമൂഹത്തിനായി നിസ്വാർഥ ഇടപെടലുകൾ നടത്തുന്നവർക്ക് നൽകുന്ന പുരസ്കാരം ജനകീയ വോട്ടെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. ഇന്ത്യ കണ്ട ഏറ്റവുംവലിയ ആകാശ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ബിജെ മെഡിക്കൽ കോളെജിലെ വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും ആറ് കോടി രൂപയുടെ അടിയന്തര സഹായം എത്തിച്ചതാണ് ഡോ. ഷംഷീറിനെ പുരസ്കാരത്തിനർഹനാക്കിയത്.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ഡോ. ഷംഷീർ നൽകിയത്. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 3.5 ലക്ഷം വീതവും സഹായം ലഭ്യമാക്കി.
യുഎഇ സമൂഹവർഷാചരണം നടത്തുന്ന വേളയിൽ സമൂഹത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. യുഎഇയിൽ വിവിധ മേഖലകളിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന ദി ഗിവിങ് ഫാമിലി, അഷ്റഫ് താമരശേരി, അഹമ്മദ് അലി, ആയിഷ ഖാൻ, കെ 9 ഫ്രണ്ട്സ് ദുബായ് എന്നിവരായിരുന്നു ചാരിറ്റബിൾ ആക്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.
മൂന്നാഴ്ചയോളം നീണ്ട വോട്ടെടുപ്പിൽ പൊതു ജനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് ഡോ. ഷംഷീർ പുരസ്‌കാരത്തിന് അർഹനായത്.