ഷാർജയിലെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടി ഡോ. സണ്ണി കുര്യൻ

പുരസ്‌കാര പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യം.
Dr. Sunny Kurien wins the award for the best entrepreneur in Sharjah

ഷാർജയിലെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടി ഡോ. സണ്ണി കുര്യൻ

Updated on

ഷാർജ: ആരോഗ്യ രംഗത്ത് കോർപ്പറേറ്റ് വത്ക്കരണം വ്യാപകമാവുകയും ക്ലിനിക്കുകളിൽ പോലും ഇൻഷുറൻസ് സമ്പ്രദായം പിടിമുറുക്കുകയും ചെയ്തപ്പോഴാണ് മനസില്ലാ മനസോടെ വർഷങ്ങളുടെ ആത്മാർപ്പണം കൊണ്ട് താൻ പടുത്തുയർത്തിയ ക്ലിനിക് ശൃംഖല കൈയൊഴിയാൻ ഡോ. സണ്ണി കുര്യൻ തീരുമാനിച്ചത്.

ഒരു ഡോക്ടർ എന്ന നിലയിലും സംരംഭകൻ എന്ന നിലയിലും ഡോ. സണ്ണിയുടെ കാലം കഴിഞ്ഞുവെന്ന് കരുതിയവരാണ് ഏറെ. ഇപ്പോൾ ഇതാ പത്താണ്ടിന് ശേഷം ഷാർജയിലെ ഏറ്റവും മികച്ച സംരഭകനുള്ള ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആന്‍റ് ഇൻഡസ്ട്രിയുടെ എക്സലൻസ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. സമ്മാനിതരിലെ ഏക ഇന്ത്യക്കാരൻ എന്ന തലയെടുപ്പോടെ.

ഷാർജ എക്സ്പോ സെൻ്ററിൽ വിവിധ ജിസിസി രാജ്യങ്ങളിലെ സാമൂഹ്യ നായകരും വ്യവസായ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അബ്ദുള്ള ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയിൽ നിന്ന് ഡോ.സണ്ണി അവാർഡ് സ്വീകരിച്ചു. മൂന്നാം തവണയാണ് ഷാർജ സർക്കാരിന്‍റെ എക്സലൻസ് പുരസ്‌കാരത്തിന് അദ്ദേഹം അർഹനാവുന്നത്. മുൻപ് രണ്ട് തവണ ഡോ. സണ്ണിസ് ക്ലിനിക്കിന്‍റെ സാരഥി എന്ന നിലയിലാണ് പുരസ്‌കാരം നേടിയിട്ടുള്ളത്.

കോവിഡിനെത്തുടർന്നുണ്ടായ സവിശേഷമായ സാമൂഹ്യ ആരോഗ്യ സാഹചര്യങ്ങളിൽ മധ്യവയസ്‌കരും പ്രായമുള്ളവരും അവലംബിക്കേണ്ട ആരോഗ്യ ജീവിത ശൈലിക്ക് അനുസൃതമായുള്ള 'വെൽനെസ്' ചികിത്സാ രീതിയാണ് ഡോ. സണ്ണി കുര്യൻ ഷാർജയിൽ വ്യാപകമാക്കാൻ ശ്രമിച്ചത്. ഡോ. സണ്ണിസ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഇത്തരം ചികിത്സാ കേന്ദ്രങ്ങൾ ഷാർജയിൽ വ്യാപകമായി തുടങ്ങി. ഇതിന്‍റെ വിജയമാണ് അദ്ദേഹത്തെ എക്സലൻസ് പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്.

ഷാർജയിലെ ആരോഗ്യ മേഖലക്ക് നൽകുന്ന സംഭാവനകൾ, സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം, സ്വദേശിവൽക്കരണത്തിന്‍റെ തോത്, ജീവകാരുണ്യ പ്രവർത്തനം, സിഎസ്ആർ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതെന്ന് ഡോ. സണ്ണി കുര്യൻ എക്സ്പോ സെന്‍ററിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എല്ലാ ചികിത്സാ പദ്ധതികളെയും ശാസ്ത്രീയമായ രീതിയിൽ സമന്വയിപ്പിച്ചുകൊണ്ടാണ് 'വെൽനെസ്' ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതെന്ന് ഡോ. സണ്ണി പറഞ്ഞു.

ഷാർജ എമിറേറ്റ് കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ മൂലമാണ് താൻ ആദരിക്കപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ഷാർജ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണെന്നും യുഎഇ യിൽ ഏറ്റവും കൂടുതൽ എസ്എംഇ കൾ ഉള്ളത് ഷാർജയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാർജ ഹെൽത്ത് കെയർ സിറ്റിയിൽ ക്യാൻസർ ആശുപത്രി ഉൾപ്പെടെ വിപുലമായ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും ഡോ. സണ്ണി കുര്യൻ അറിയിച്ചു.

35 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഷാർജ എക്സലൻസ് പുരസ്കാരത്തിന്‍റെ ഈ വർഷത്തെ 17 ജേതാക്കളിൽ ഏക ഭാരതീയനാണ് മലയാളിയായ ഡോ. സണ്ണി എന്നത് മലയാളികൾക്കും അഭിമാനം പകരുന്ന നേട്ടമാണ്. ആരോഗ്യ മേഖലയ്ക്ക് പുറമെ മറ്റു പല വ്യവസായമേഖലകളിലും ഡോ. സണ്ണി ഗ്രൂപ്പിന്‍റെ സാന്നിധ്യമുണ്ട്.

"ഈ ബഹുമതി വിനയത്തോടെ സ്വീകരിക്കുന്നു. ഡോ. സണ്ണി ഗ്രൂപ്പിൽ അർപ്പണ ബോധത്തോടെയും സത്യസന്ധതയോടെയും പ്രവർത്തിക്കുന്ന ഒരോ ജീവനക്കാരനും അവകാശപ്പെട്ടതാണ് ഈ ബഹുമതി. ഒരു ഭാരതീയനെന്ന നിലയിൽ അഭിമാനിക്കുന്ന നിമിഷമാണിത്. നമ്മൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും സ്ഥിരോത്സാഹത്തിനും ലഭിക്കുന്ന അംഗീകാരമായി ഇതിനെ കാണുന്നു".- പുരസ്‌കാരം സ്വീകരിച്ച ശേഷം ഡോ. സണ്ണി കുര്യൻ പറഞ്ഞു.

കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ഡോ. സണ്ണി കുര്യൻ. ഭാര്യ മീര ഗോപി കുര്യൻ യു എ ഇ യിലെ പ്രമുഖ ഫിസിഷ്യനാണ്. ഡോ.ശ്വേത കുര്യൻ, ശിഖ കുര്യൻ എന്നിവരാണ് മക്കൾ. കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രിയും കേരള കോൺഗ്രസ് (എം ) മുൻ ചെയർമാനുമായ കെ എം മാണിയുടെ കൊച്ചു മകൻ  പോൾ മരുമകനാണ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com