
ദുബായ്: കേരളത്തെ ഒരു മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്‍റെ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘ വീക്ഷത്തോടെയുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ 50 കോടി രൂപ അനുവദിച്ചത് അതിന്‍റെ ഉദാഹരണമാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയിട്ടുള്ള സംസ്ഥാനം കേരളമാണ്. ഈ നേട്ടം അതേപടി തുടരാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സർക്കാർ ആശുപത്രികളും കാൻസർ ചികിത്സയ്ക്കുള്ള മാതൃകാകേന്ദ്രങ്ങളാക്കി മാറ്റുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ വന്ധ്യതാ ക്ലിനിക്കുകളും ആധുനിക ലാബുകളും തുടങ്ങാനുള്ള തീരുമാനം, കുട്ടികളില്ലാതെ വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമാകും.
ബിഎസ്‌സി നേഴ്സിങ്ങിന് 1020 അധിക സീറ്റുകൾ അനുവദിച്ചതും കൂടുതൽ നേഴ്‌സിങ് കോളേജുകൾ തുറക്കാനുള്ള തീരുമാനവും കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും ഉള്ള മലയാളികൾക്ക് ഗുണകരമാവുമെന്നും ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.