
അബുദാബി മസ്‌ദർ സിറ്റിയിൽ ഡ്രൈവർ രഹിത വാഹനത്തിന്‍റെ പരീക്ഷണ ഓട്ടം
അബുദാബി: അബുദാബി മസ്‌ദർ സിറ്റിയിൽ ഡ്രൈവർ രഹിത വാഹനത്തിന്‍റെ പരീക്ഷണ ഓട്ടം നടത്തിയതായി മീഡിയ ഓഫീസ് അറിയിച്ചു. സ്മാർട്ട് മൊബിലിറ്റി പ്രൊവൈഡർ സൊല്യൂഷൻസിന്‍റെ പങ്കാളിത്തത്തോടെ ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍ററിന്‍റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടത്തിയത്. സ്വയം നിയന്ത്രിത വാഹനങ്ങൾ സുരക്ഷയും മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പരീക്ഷണ ഓട്ടത്തിന്‍റെ ലക്ഷ്യം.
2.4 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന റൂട്ടിലാണ് പരീക്ഷണം നടത്തിയത്. ഇതിൽ സീമെൻസ്, നോർത്ത് കാർ പാർക്ക്, മൈ സിറ്റി സെന്‍റർ മസ്‌ദർ, സെൻട്രൽ പാർക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്നതായി മീഡിയ ഓഫീസ് അറിയിച്ചു. ആഗോള നിർമാതാക്കൾക്ക് അവരുടെ ഡ്രൈവറില്ലാ വാഹനങ്ങൾ പരീക്ഷിക്കുന്നതിനായി മസ്‌ദർ സിറ്റിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടക്കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനങ്ങൾക്കൊപ്പമുണ്ടാകും.
ദുബായിൽ ഈ വർഷം അവസാനത്തോടെ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഘട്ടം തുടങ്ങുമെന്നും അടുത്ത വർഷത്തോടെ വാണിജ്യ അടിസ്ഥാനത്തിൽ ഡ്രൈവറില്ലാ വാഹനങ്ങൾ സർവീസ് നടത്തുമെന്നും ദുബായ് ആർടിഎ അറിയിച്ചിട്ടുണ്ട്. ഉബറും വീറൈഡും നേതൃത്വം നൽകുന്ന പരീക്ഷണ ഘട്ടത്തിനായുള്ള ഫീൽഡ് തയ്യാറെടുപ്പുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.