
ദുബായ് എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരം: ആദ്യ യാത്ര അടുത്ത വർഷം ആദ്യ പകുതിയിൽ
ദുബായ്: ജോബി ഏവിയേഷൻ വികസിപ്പിച്ചെടുത്ത പറക്കും ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ ദുബായിൽ വിജയകരമായി നടത്തി. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത കൈവരിക്കാനും 450 കിലോഗ്രാം പേലോഡ് വഹിക്കാനും ശേഷിയുള്ള എയർ ടാക്സിയുടെ പരീക്ഷണമാണ് നടത്തിയത്.
ദുബായ്-അൽ ഐൻ റോഡിലെ മാർഗാമിലെ ദുബായ് ജെറ്റ്മാൻ ഹെലിപാഡിലുള്ള ജോബിയുടെ പറക്കൽ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്. അടുത്ത വർഷം ആദ്യ പകുതിയിൽ എയർ ടാക്സി ഔദ്യോഗികമായി പ്രവർത്തനം തുടങ്ങും.
സമ്പൂർണ തോതിലുള്ള എയർ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള വിശാലമായ തയ്യാറെടുപ്പുകളുടെ ഭാഗമാണ് പരീക്ഷണമെന്ന് യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
"ഈ പുതിയ നേട്ടം ദൂരങ്ങൾ കുറയ്ക്കുകയും ദുബായിലെ ജീവിത നിലവാരം ഉയർത്തുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തെ പുനർനിർവചിക്കുകയും ചെയ്യുന്നു. നൂതനാശയങ്ങളിലും സാങ്കേതികവിദ്യയിലും ആഗോള നേതാവെന്ന നിലയിലുള്ള യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.," ഷെയ്ഖ് ഹംദാൻ പറഞ്ഞു.
നഗരത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിലേക്ക് സുഗമവും വേഗതയേറിയതും സുരക്ഷിതവുമായ യാത്ര ആഗ്രഹിക്കുന്ന താമസക്കാർക്കും സന്ദർശകർക്കും എയർ ടാക്സി ഒരു പുതിയ പ്രീമിയം സേവനമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ചെയർമാനുമായ മതർ അൽ തായർ പറഞ്ഞു.
എയർ ടാക്സിക്ക് ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വഹിക്കാൻ കഴിയുമെന്ന്
ജോബി ഏവിയേഷനിലെ എയർക്രാഫ്റ്റ് ഒഇഎം പ്രസിഡന്റ് ദിദിയർ പാപഡോ പൗലോസ് പറഞ്ഞു. ഒരു പരമ്പരാഗത ഹെലികോപ്റ്ററിനേക്കാൾ 100 ഇരട്ടി ശബ്ദം കുറവാണിതിന്.
ജോബി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് പാപഡോ പൗലോസ് വെളിപ്പെടുത്തി, ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിനും (ഡിഎക്സ്ബി) ദുബായ് മറീനയ്ക്കും ഇടയിലാണ് ആദ്യ റൂട്ട്. ഭാവിയിൽ ഡൗണ്ടൗൺ ദുബായിലേക്കും പാം ജുമൈറയിലേക്കും സർവീസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒന്നിലധികം എയർ ടാക്സികളുടെ വ്യൂഹത്തോടെയായിരിക്കും പ്രവർത്തനം ആരംഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലുടനീളം പറക്കുന്ന ടാക്സി സേവനങ്ങൾ വിപുലീകരിക്കുന്നതിനായി കമ്പനി മറ്റ് എമിറേറ്റുകളുമായും ചർച്ചകൾ നടത്തിവരികയാണ്
എയർ ടാക്സിയുടെ പ്രവർത്തനം
പൂർണമായും ബാറ്ററികൾ ഉപയോഗിച്ചാണ് എയർ ടാക്സി പ്രവർത്തിക്കുന്നത്. ഇതിന് നാല് ബാറ്ററി പായ്ക്കുകൾ ഉണ്ട്. ചിറകിന്റെ ഇരുവശത്തും രണ്ട് വീതം ബാറ്ററികൾ , തുടർന്ന് സെല്ലുകൾ, അതിന് ശേഷം ആറ് പ്രൊപ്പൽഷൻ യൂണിറ്റുകൾ എന്നിവ ഉണ്ടാകും. പറക്കുമ്പോൾ, വിമാനം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
ആദ്യ ഘട്ടത്തിൽ, ഒരു ഹെലികോപ്റ്ററിന് സമാനമായ രീതിയിൽ പറന്നുയരുന്നു, തുടർന്ന് മുന്നോട്ട് നീങ്ങുമ്പോൾ, ഒരു സെമി-ത്രസ്റ്റ് ഫോർവേഡിലൂടെ പോകുന്നു. വേഗത കൈവരിക്കാൻ പ്രൊപ്പൽഷൻ സിസ്റ്റം മുന്നോട്ട് ചരിഞ്ഞു തുടങ്ങുന്ന സമയമാണിത്. മൂന്നാം ഘട്ടത്തിൽ, അത് വേഗത കൈവരിക്കുകയും പറക്കുകയും ചെയ്യുന്നു.
ഒരു ചാർജിംഗ് സിസ്റ്റത്തിൽ നിന്ന്, മിനിറ്റുകൾക്കുള്ളിൽ വിമാനം ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് eVTOL രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഈ പറക്കും ടാക്സി അങ്ങേയറ്റം സുരക്ഷിതമാണെന്ന് ദിദിയർ പാപഡോ പൗലോസ് ഉറപ്പുനൽകി.
ജോബിയെ കൂടാതെ, യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ പങ്കാളികളുമായി സഹകരിച്ച് അബുദാബിയിലും ഒരു പറക്കും ടാക്സി സർവീസ് ആരംഭിക്കും. ഈ വർഷം അവസാനമോ 2026 ന്‍റെ തുടക്കത്തിലോ ഇത് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.