

കനത്ത വേനൽച്ചൂടിൽ ഡെലിവറി റൈഡർമാർക്ക് ആശ്വാസമേകി ദുബായ്: ഭക്ഷണ വിതരണവുമായി ആർടിഎയും യുഎഇ ഫുഡ് ബാങ്കും
ദുബായ്: ദുബായിൽ കനത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാർക്ക് പിന്തുണയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും യുഎഇ ഫുഡ് ബാങ്കും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
നഗരത്തിലെ പ്രധാന മെട്രൊ, ബസ് സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുള്ള താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ വഴി ഡെലിവറി ജീവനക്കാർക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി. ഡെലിവറൂ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ദുബായിലെ ഇരുപത്തിമൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് പ്രതിദിനം ഭക്ഷണ വിതരണം ഒരുക്കിയിരിക്കുന്നത്. ഗോൾഡ് സൂഖ്, സത്‌വ, അൽ ജാഫിലിയ, ഖിസൈസ്, കരാമ തുടങ്ങിയ ബസ് സ്റ്റേഷനുകളിലും അൽ റാഷിദിയ്യ, അൽ ഫുർജാൻ, ഡിഎംസിസി, ബുർജ്മാൻ, ഇബ്‌നു ബത്തൂത്ത തുടങ്ങിയ മെട്രൊ സ്റ്റേഷനുകളിലുമാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
റോഡുകളിൽ ദീർഘനേരം സേവനമനുഷ്ഠിക്കുന്ന റൈഡർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും അവരുടെ അധ്വാനത്തെ ആദരിക്കാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
വേനൽക്കാലത്ത് നേരിട്ട് വെയിലേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലി വിലക്കുന്ന മധ്യാഹ്ന വിശ്രമ നിയമത്തിന് പിന്തുണ നൽകുന്നതാണ് ഈ പദ്ധതിയെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് വ്യക്തമാക്കി. സമൂഹത്തിനും സാമ്പത്തിക മേഖലയ്ക്കും നൽകുന്ന വലിയ സംഭാവനകളെ മുൻനിർത്തിയാണ് റൈഡർമാർക്ക് ഇത്തരം കരുതലൊരുക്കുന്നതെന്ന് യുഎഇ ഫുഡ് ബാങ്ക് എക്സിക്യൂട്ടീവ് ടീം മേധാവി മനാൽ ഉബൈദ് ബിൻ യാറൂഫും അറിയിച്ചു.