ദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.
Dubai car accident: Dr. Shamsheer Vayalil with a package of Rs. 2.6 crore for expatriate families

ദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

Updated on

ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ.

അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികൾ ഉൾപ്പെടെ പരുക്കേറ്റ ഒൻപത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

കുടുംബത്തിന്‍റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

"അപകടത്തിൽപ്പെട്ട മുഴുവൻ രാജ്യക്കാരുടെയും കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിക്കും. ഒരുപാട് പ്രതീക്ഷകളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് ഇവർ പ്രവാസലോകത്ത് എത്തിയത്. സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ മരണത്തിന്‍റെ നഷ്ടം നികത്താനാവില്ലെങ്കിലും ഈ പ്രയാസകരമായ ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു," ഡോ. ഷംഷീർ വ്യക്തമാക്കി.

ദുബായ് ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസ് സാങ്കേതിക തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com