ഏപ്രിൽ 23 മുതൽ കുട്ടികളുടെ വായനോത്സവം; കാത്തിരിക്കുന്നത് സർഗാത്മകതയുടെ 12 നാളുകൾ
ഏപ്രിൽ 23 മുതൽ കുട്ടികളുടെ വായനോത്സവം; കാത്തിരിക്കുന്നത് സർഗാത്മകതയുടെ 12 നാളുകൾ
ഷാർജ: ഈ വർഷത്തെ കുട്ടികളുടെ വായനോത്സവത്തിന് ഏപ്രിൽ 23 ന് തുടക്കമാവും. ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 12 ദിവസത്തെ കുട്ടികളുടെ ഉത്സവം മെയ് 4 ന് സമാപിക്കും. അറിവിന്‍റെയും സർഗാത്മകതയുടെയും ലോകത്തേക്ക് കുട്ടികളെ ആനയിക്കുന്നതിന് നിരവധി പരിപാടികളാണ് ഒരുക്കുന്നത്.
വിദ്യാഭ്യാസ, വിനോദ പരിപാടികളുടെ നീണ്ട നിരയും 12 ദിവസത്തെ വായനോത്സവത്തിലുണ്ടാകും. വിദഗ്‌ധരുടെ നേതൃത്വത്തിൽ ഒട്ടേറെ ശിൽപശാലകളും പാനൽ ചർച്ചകളും ഉത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഷാർജ ബുക്ക് അതോറിറ്റിയുടെ പ്രധാനപ്പെട്ട പുരസ്കാരങ്ങളായ ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ അവാർഡ്, ബുക്സ് ഫോർ വിഷ്വലി ഇംപയേർഡ് ചിൽഡ്രൻ അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ് എന്നിവയുടെ വിജയികളെയും പ്രഖ്യാപിക്കും.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് ചെയർപേഴ്‌സൺ ഷെയ്ഖാ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതവുമായി കുട്ടികളിൽ അറിവിന്‍റെയും സർഗാത്മകതയുടെയും സംസ്കാരം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കദ് അൽ അമീരി പറഞ്ഞു. കുട്ടികളിൽ വായാനാശീലം വളർത്താനുള്ള സുപ്രധാന സംരംഭങ്ങളിലൊന്നാണിത്. വൈവിധ്യമാർന്നതും സമ്പന്നവുമായ സാംസ്കാരിക അനുഭവങ്ങൾ സമ്മാനിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.