
ബി.ആർ. ഷെട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 382 കോടി രൂപ നൽകണമെന്ന് ദുബായ് കോടതി
ദുബായ്: എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പിന്‍റെ സ്ഥാപകൻ ബി.ആർ. ഷെട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 4.6 കോടി ഡോളർ (ഏകദേശം 382 കോടി രൂപ) നൽകണമെന്ന് ദുബായ് ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ കോടതി ഉത്തരവിട്ടു. 50 ദശലക്ഷം ഡോളറിന്‍റെ വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടത് സംബന്ധിച്ച് കോടതിയിൽ ഷെട്ടി ആവർത്തിച്ച് കള്ളം പറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് ഒക്റ്റോബർ എട്ടിന് ജസ്റ്റിസ് ആൻഡ്രൂ മോറൻ വിധി പ്രഖ്യാപിച്ചത്.
താൻ ഒപ്പിട്ടത് വ്യാജമാണെന്നും ഗ്യാരണ്ടിയിൽ സാക്ഷ്യം വഹിച്ച ബാങ്കിന്‍റെ സിഇഒയെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ഷെട്ടി വാദിച്ചു. എന്നാൽ, ഷെട്ടി ഗ്യാരണ്ടി ഒപ്പിട്ടതിനെ സാധൂകരിക്കുന്ന അതിശക്തമായ സാക്ഷിമൊഴികളും രേഖാപരമായ തെളിവുകളും കോടതിയിൽ ഹാജരാക്കിയതായി ജസ്റ്റിസ് മോറൻ തന്‍റെ വിധിന്യായത്തിൽ പറഞ്ഞു. തനിക്ക് വായ്പയെക്കുറിച്ച് അറിയില്ലെന്ന് ഷെട്ടി ആദ്യം നിലപാടെടുത്തുവെങ്കിലും 2020 മേയിൽ അദ്ദേഹം സ്വന്തം ഇ - മെയിൽ അക്കൗണ്ടിൽ നിന്ന് അയച്ച കത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഈ വാദം പൊളിഞ്ഞു.
എൻഎംസിയിലെ ജീവനക്കാർ തന്‍റെ ഒപ്പ് അനുകരിക്കാൻ മത്സരം നടത്തിയിരുന്നുവെന്നും വിജയിക്കുള്ള സമ്മാനം താൻ ഇപ്പോൾ അനുഭവിക്കുന്ന ദുരിതമാണ് എന്നുമടക്കം ഷെട്ടി നടത്തിയ വിചിത്ര വാദങ്ങളെ കോടതി തള്ളിക്കളഞ്ഞു. ഗ്യാരണ്ടിയിലെ ഒപ്പ് ഷെട്ടിയുടേത് തന്നെയെന്ന് ബാങ്കിന്‍റെ കൈയക്ഷര വിദഗ്ധൻ ശക്തമായി വാദിച്ചു. വിദഗ്ധന്‍റെ തെളിവുകൾ കോടതി സ്വീകരിക്കുകയും ചെയ്തു. ഷെട്ടി പണം അടയ്ക്കുന്നത് വരെ പ്രതിവർഷം 9% അധിക പലിശയും ഈടാക്കും.