
ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായതായി മുൻസിപ്പാലിറ്റി
ദുബായ്: ദെയ്റ ഭാഗത്ത് 112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച രണ്ട് കിലോമീറ്റർ നീളമുള്ള ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.തുറമുഖത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, പ്രവർത്തന ക്ഷമത മെച്ചപ്പെടുത്തുക, ജലപാതയുടെ വാണിജ്യ, ടൂറിസ സാധ്യതകൾ വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
തുറമുഖത്തിന്‍റെ വശങ്ങളിലെ വിസ്തീർണ്ണം 320,000 ചതുരശ്ര അടിയായി വികസിപ്പിച്ചു. സംരക്ഷണഭിത്തിയുടെ ഉയരം 8.3 മീറ്ററായി ഉയർത്തുകയും 200 നങ്കൂരങ്ങളും 500 കപ്പൽ ബെർത്തുകളുമായി തുറമുഖത്തിന്‍റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു.
ഈ നവീകരണങ്ങൾ മൂലം സമുദ്ര നാവിഗേഷന്‍റെ സുരക്ഷ വർദ്ധിപ്പിക്കാൻ സാധിച്ചതായി നഗരസഭ അറിയിച്ചു. വികസന പ്രവർത്തനം പൂർത്തിയാക്കാൻ 620,000 മണിക്കൂറിലധികം മനുഷ്യാധ്വാനം വേണ്ടിവന്നതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി.