

ഷെയ്ഖ് ഹംദാൻ
ദുബായ്: സാമ്പത്തിക രംഗത്തെ മാതൃകാപരമായ പദ്ധതികൾക്കുള്ള ഈ വർഷത്തെ 'ദുബായ്-ഇറ്റ്' അവാർഡ് 'എസ്ഡബ്ല്യുഎസ് ബോർഡ് ടെക്നോളജി'എന്ന സ്ഥാപനത്തിന് ലഭിച്ചതായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. അവാർഡ് നേടിയ എസ്ഡബ്ല്യുഎസ് ടീമിനെയും സ്ഥാപകനെയും അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭകനായ റൈനിയർ നൂറ ആണ് ഈ വലിയ സംരംഭത്തിന് തുടക്കമിട്ടതെന്ന് ഷെയ്ഖ് ഹംദാൻ എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള കൈറ്റ് ബോർഡുകളുടെയും വേക്ക് ബോർഡുകളുടെയും പകുതിയോളവും, സ്നോ ബോർഡുകളിൽ മൂന്നിലൊന്നു ഭാഗവും ഇന്ന് നിർമിക്കുന്നത് ദുബായിലെ ഈ കമ്പനിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നാലര ലക്ഷത്തിലധികം ബോർഡുകളാണ് വർഷം തോറും ഇവിടെ നിർമിക്കുന്നത്. ലോകവ്യാപകമായി ആറു ദശലക്ഷത്തിലധികം ബോർഡുകൾ ഇതുവരെ വിറ്റഴിച്ചിട്ടുണ്ടെന്നും, ശീതകാല ഒളിമ്പിക് ഗെയിംസുകളിലും ലോക ചാംപ്യൻഷിപ്പുകളിലും ഈ ദുബായ് നിർമിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.
സൗരോർജ്ജം ഉപയോഗിച്ചുള്ള ഉത്പാദനരീതികളും നൂതനമായ റീസൈക്ലിംഗ് സംവിധാനങ്ങളും നടപ്പിലാക്കിക്കൊണ്ട് വ്യാവസായിക രംഗത്ത് സുസ്ഥിരത ഉറപ്പാക്കാനും എസ്ഡബ്ല്യുഎസ് ബോർഡ് ടെക്നോളജി മാതൃകയായിട്ടുണ്ടെന്ന് അദ്ദേഹം പ്രശംസിച്ചു.