
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ചൊവ്വാഴ്ച ഇന്ത്യ സന്ദർശിക്കും
ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിന് ചൊവ്വാഴ്ച (April 08) തുടക്കമാവും. ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണത്തെ തുടർന്നാണ് രണ്ട് ദിവസത്തെ സന്ദർശനം.
ചൊവ്വാഴ്ച ഷെയ്ഖ് ഹംദാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന ഉച്ച വിരുന്നിൽ പങ്കെടുക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായി മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും.
ബുധനാഴ്ച ഷെയ്ഖ് ഹംദാൻ മുംബൈ സന്ദർശിക്കും. മുംബൈയിൽ ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികളുടെ ബിസിനസ് റൗണ്ട് ടേബിളിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ വർഷം സെപ്റ്റംബർ 8 ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചിരുന്നു.