

ദുബായ്: സൈക്ലിങ് റേസിനായുള്ള അഞ്ച് റോഡുകൾ ഞായറാഴ്ച താത്കാലികമായി അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. ഔദ് മേത്ത റോഡ്, ദുബായ്-അൽ ഐൻ റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡ്, എക്‌സ്‌പോ റോഡ്, ലഹ്ബാബ് സ്ട്രീറ്റ് എന്നീ അഞ്ച് പ്രധാന റോഡുകൾളാണ് താൽക്കാലികമായി അടക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.
ഓട്ടം അവസാനിക്കുന്നത് വരെ ബദൽ റൂട്ടുകളായ റാസൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ ഉപയോഗിക്കാൻ ആർടിഎ വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും നേരത്തെ പുറപ്പെടാനും അതോറിറ്റി ആവശ്യപ്പെട്ടു.
ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന മത്സരം 101 കിലോമീറ്റർ ദൂരം സഞ്ചരിച്ച് എക്‌സ്‌പോ സിറ്റിയിൽ സമാപിക്കും. ടൂർ ദി ഫ്രാൻസ് സൈക്ലിങ് ഇതിഹാസങ്ങളും മുൻ ടൂർ ദി ഫ്രാൻസ് സ്റ്റേജ് ജേതാക്കളുമായ ജാൻ സ്വൊറാഡയും പീറ്റർ വെലിറ്റ്‌സും ഉദ്ഘാടന മത്സരത്തിൽ പങ്കെടുക്കും. രണ്ട് വ്യത്യസ്ത റൂട്ടുകളിലാണ് മത്സരം നടക്കുന്നത്.
'ദി റേസ്' എന്ന് പേരിട്ടിരിക്കുന്ന പരിചയസമ്പന്നരായ റൈഡർമാർക്കായി രൂപകൽപ്പന ചെയ്ത101 കിലോമീറ്റർ കോഴ്‌സും "ദി റൈഡ്' എന്ന പേരിലുള്ള 50 കിലോമീറ്റർ റൂട്ടുമാണിവ. രണ്ട് കോഴ്‌സുകളും നഗരത്തിന്‍റെ അത്യാധുനിക വാസ്തുവിദ്യാ വിസ്മയങ്ങളും ആകർഷകമായ മരുഭൂമിയുടെ സൗന്ദര്യവും എടുത്തുകാണിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.