
ഈ വർഷം ആദ്യ പാദത്തിൽ 4% വളർച്ച കൈവരിച്ച് ദുബായ് സമ്പദ് വ്യവസ്ഥ
ദുബായ്: 2025ന്‍റെ ആദ്യ പാദത്തിൽ ദുബായ് സമ്പദ്‌വ്യവസ്ഥ 4% വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 119.7 ബില്യൺ ദിർഹത്തിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
ആരോഗ്യം- സാമൂഹിക സേവന മേഖലയിൽ 26 ശതമാനത്തിന്‍റെ വർദ്ധനയാണ് ഉണ്ടായത്.1.9 ബില്യൺ ദിർഹത്തിന്‍റെ മൊത്തം മൂല്യമാണ് ആരോഗ്യ മേഖലയ്ക്കുള്ളത്.
മികച്ച പ്രകടനം കാഴ്ചവച്ച മേഖലകൾ ഇവയാണ്
റിയൽ എസ്റ്റേറ്റ്: സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റിയൽ എസ്റ്റേറ്റ് മേഖല 7.8 ശതമാനം വളർച്ച കൈവരിച്ചു. അതിന്‍റെ മൂല്യം 9 ബില്യൺ ദിർഹമായി ഉയർന്നു. എമിറേറ്റിന്‍റെ ജിഡിപിയിൽ ഇത് 7.5 ശതമാനം സംഭാവന ചെയ്തു.
ധനകാര്യവും ഇൻഷുറൻസും: ഈ മേഖല 5.9 ശതമാനം വികസിച്ച് 16 ബില്യൺ ദിർഹം മൂല്യത്തിലെത്തി. ദുബായിയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 13.4 ശതമാനം സംഭാവന ചെയ്തു.
മൊത്ത- ചില്ലറ വ്യാപാരം: സമ്പദ്‌വ്യവസ്ഥയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല എന്ന നിലയിൽ, ഈ മേഖലയുടെ മൂല്യം 4.5 ശതമാനം വർദ്ധനവോടെ 27.5 ബില്യൺ ദിർഹമായി. മൊത്തം ജിഡിപിയുടെ 23 ശതമാനമാണിത്.
ഗതാഗതവും സംഭരണവും: ഈ മേഖല 2 ശതമാനം വളർച്ച കൈവരിച്ച് 15.7 ബില്യൺ ദിർഹത്തിന്‍റെ മൂല്യം നേടി.
താമസ, ഭക്ഷണ സേവനങ്ങൾ: ദുബായിയുടെ ടൂറിസം വ്യവസായത്തിന്‍റെ പ്രധാന ഘടകമായ ഈ മേഖല 3.4 ശതമാനം വളർന്ന് 4.9 ബില്യൺ ദിർഹമായി.
ദുബായ് ഇക്കണോമിക് അജണ്ട D33 ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ പ്രകടനത്തെ കാണുന്നതെന്ന് ദുബായ് ഇക്കണോമിക് ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ സിഇഒ ഹാദി ബദ്രി അഭിപ്രായപ്പെട്ടു.