ലോക റെക്കോർഡ് നേടിയ മാളത്തണിൽ പങ്കെടുത്ത് ദുബായ് എമിഗ്രേഷൻ
ലോക റെക്കോർഡ് നേടിയ മാളത്തണിൽ പങ്കെടുത്ത് ദുബായ് എമിഗ്രേഷൻ
ദുബായ്: ലോക റെക്കോർഡ് നേടിയ ദുബായ് മാളത്തണിൽ ദുബായ് എമിഗ്രേഷൻ വിഭാഗം പങ്കെടുത്തു. എമിഗ്രേഷന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഈ ചരിത്ര നേട്ടത്തിൽ പങ്കാളികളായത്. ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഒരു മാൾ റൺ എന്ന വിഭാഗത്തിലാണ് ദുബായ് ഹിൽസ് മാളിൽ നടന്ന പരിപാടി ലോക റെക്കോർഡ് സ്വന്തമാക്കിയത്.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച സംരംഭമാണ് ദുബായ് മാളത്തൺ. ചൂടുകാലത്ത് പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാൻ മാളുകളിൽ സൗകര്യമൊരുക്കു എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ രാവിലെ 7 മുതൽ 10 വരെയാണ് മാളുകളിൽ ഈ സൗകര്യം ലഭ്യമാക്കിയിരുന്നത്.
ഈ നേട്ടത്തിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ജിഡിആർഎഫ്എ ദുബായ് അഭിനന്ദനങ്ങൾ അറിയിച്ചു. ഈ ശ്രദ്ധേയമായ നേട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.
ഈ വർഷം ‘മാളത്തൺ’ സംരംഭം ഉപയോഗപ്പെടുത്തിയത് 40,000-ലധികം പേരാണെന്ന് ദുബായ് മീഡിയ ഓഫീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സംരംഭം അടുത്ത വർഷം മുതൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം തുടർച്ചയായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള വിവിധ രാജ്യക്കാർ പങ്കെടുത്ത ഈ പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും ദുബായ് മീഡിയ അറിയിച്ചിരുന്നു.