
17,300 തൊഴിലവസരങ്ങൾ തുറന്ന് ദുബായ് എമിറേറ്റ്സ് ഗ്രൂപ്പ്
symbolic image
ദുബായ്: ദുബായിലെ എമിറേറ്റ്സ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 17,300 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. എമിറേറ്റ്‌സ് എയർലൈൻ, ഡിനാറ്റ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് ഈ സാമ്പത്തിക വർഷത്തിൽ 17,300 പേരെ നിയമിക്കുന്നത്. കാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, കൊമേഴ്‌സ്യൽ, സെയിൽസ് ടീമുകൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാറ്ററിംഗ്, ഐടി, എച്ച്ആർ, ഫിനാൻസ് തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം.
2022 മുതൽ, ഗ്രൂപ്പ് 41,000-ത്തിലധികം പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട്. അതിൽ ഏകദേശം 27,000 പേർ നിലവിൽ വിവിധ പ്രവർത്തന മേഖലകളിലായി ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ 1,21,000 ജീവനക്കാർ ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ട്.
റിക്രൂട്ട്മെന്‍റിനായി 150 നഗരങ്ങളിലായി 2,100-ലധികം ഓപ്പൺ ഡേകളും മറ്റ് ടാലന്‍റ് ഇവന്‍റുകളും സംഘടിപ്പിക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചു. യുഎഇ യിൽ ഉള്ളവർക്ക് വേണ്ടി ദുബായ് കേന്ദ്രീകരിച്ചും പ്രത്യേക പരിപാടികൾ നടത്തുമെന്ന് എമിറേറ്റ്സ് എയർലൈൻ & ഗ്രൂപ്പിന്‍റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു. ഡിനാറ്റ മാത്രം 4,000-ത്തിലധികം കാർഗോ, കാറ്ററിംഗ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സ്പെഷ്യലിസ്റ്റുകളെ നിയമിക്കും. വിവിധ തസ്തികകളിലേക്ക് 3.7 ദശലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി മാനേജ്മെന്‍റ് അറിയിച്ചു.
നിയമിക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളത്തിന് പുറമേ, എമിറേറ്റ്സ് ഗ്രൂപ്പിലെ ലാഭ വിഹിത യോഗ്യത, സമഗ്രമായ മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ, വിമാന ടിക്കറ്റുകൾ, വാർഷിക അവധി, , കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കുള്ള ഇളവുകൾ, കാർഗോ നിരക്കുകളിലെ ഇളവ് , നൂറുകണക്കിന് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് കിഴിവുകൾ ലഭിക്കുന്ന അംഗത്വ കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.