
ദുബായിലെ പറക്കും ടാക്സി: ആദ്യ വെർട്ടിപോർട്ട് 2026 ആദ്യ പാദത്തിൽ
ദുബായ്: പറക്കും ടാക്സിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബായ് അന്തർദേശീയ വിമാനത്താവളത്തിൽ നിർമിക്കുന്ന ആദ്യത്തെ വെർട്ടിപോർട്ട് അടുത്ത വർഷം ആദ്യ പാദത്തിൽ പ്രവർത്തനക്ഷമമാവുമെന്ന് ദുബായിൽ ആരംഭിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ അധികൃതർ അറിയിച്ചു.
2024 നവംബറിലാണ് ദുബായ് എയർ ടാക്സി ശൃംഖലയിലെ ആദ്യത്തെ വെർട്ടിപോർട്ട് നിർമിക്കുന്നതിനായി ജോബി ഏവിയേഷൻ ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായും സ്കൈ പോർട്സുമായും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. ഡിഎക്സ്ബി വെർട്ടിപോർട്ടിന് പുറമെ പാം ജുമൈറ, ദുബായ് ഡൗണ്ടൗൺ, ദുബായ് മറീന എന്നിവിടങ്ങളിൽ മൂന്ന് വെർട്ടിപോർട്ടുകൾ കൂടി നിർമിക്കും.
ജൂൺ 30ന്, ദുബായ്-അൽ ഐൻ റോഡിലൂടെ മാർഗാമിലെ ദുബായ് ജെറ്റ്മാൻ ഹെലിപാഡിൽ ഫ്ലൈയിങ് ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ ജോബി ഏവിയേഷൻ വിജയകരമായി നടത്തി. വേനൽക്കാലത്ത് 21 പരീക്ഷണ പറക്കലുകളാണ് കമ്പനി നടത്തിയത്.
110°F താപനിലയിൽ പരീക്ഷണം
'110°F എന്ന അന്തരീക്ഷ താപനിലയിൽ പാറക്കലുകൾ നടത്തുന്നത് ഞങ്ങളുടെ ബാറ്ററി പായ്ക്കുകളുടെയും ഇലക്ട്രിക് മോട്ടോറുകളുടെയും താപ മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ പ്രകടനം വിലയിരുത്താൻ സഹായകരമായിരുന്നുവെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു.