
റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബായ് ജിഡിആർഎഫ്എ
ദുബായ്: ദുബായ് എമിറേറ്റിലെ വിസ സേവനങ്ങൾക്കുള്ള റമദാനിലെ പ്രവർത്തന സമയം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പ്രഖ്യാപിച്ചു. റമദാൻ മാസത്തിന്‍റെ പ്രത്യേകതകൾ കണക്കിലെടുത്ത്, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.
അൽ ജഫിലിയയിലെ പ്രധാന ആസ്ഥാനത്തും അൽ മനാറ, അൽ ത്വവാർ സെന്‍ററുകളിലും, ദുബായ് എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ജിഡിആർഎഫ്എയുടെ കേന്ദ്രങ്ങളിലും ഈ കാലയളവിൽ ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകും.
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയും, ഉച്ചക്ക് 2:00 മുതൽ വൈകുന്നേരം 5:00 വരെയും ഓഫീസുകൾ പ്രവർത്തിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ് : ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി.
ലഫ് : ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി
ദുബായ് എയർപോർട്ടിലെ (ടെർമിനൽ 3) കസ്റ്റമർ ഹാപ്പിനെസ് സെന്‍ററിൽ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും. സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും സേവനങ്ങൾ തുടർച്ചയായി ലഭ്യമാകുമെന്നും ജിഡിആർഎഫ്എ അറിയിച്ചു. അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെന്‍റർ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 7:00 മുതൽ വൈകുന്നേരം 5:00 വരെ പ്രവർത്തിക്കുന്നതായിരിക്കും.
ഉപയോക്താക്കൾക്ക് 24 മണിക്കൂറും ടോൾ ഫ്രീ നമ്പറായ 8005111 വഴി അമേർ കോൾ സെന്‍ററിൽ ബന്ധപ്പെടാവുന്നതാണ്. രാജ്യത്തെ ഭരണാധികാരികൾക്കും പൗരന്മാർക്കും താമസക്കാർക്കും ജിഡിആർഎഫ്എ റമദാൻ ആശംസകൾ നേർന്നു.