ദുബായ് ജിഡിആർഎഫ്‌എ ‘ബാനർ ഒഫ് എക്സലൻസ് അവാർഡ്’ ജേതാക്കളെ ആദരിച്ചു

14 സ്ഥാപന വിഭാഗങ്ങളിലും 17 വ്യക്തിഗത വിഭാഗങ്ങളിലുമായി ലഭിച്ച 102 നാമനിർദേശങ്ങളിൽ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Dubai GDRFA honours ‘Banner of Excellence Award’ winners

ദുബായ് ജിഡിആർഎഫ്‌എ ‘ബാനർ ഒഫ് എക്സലൻസ് അവാർഡ്’ ജേതാക്കളെ ആദരിച്ചു

Updated on

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ നേതൃത്വത്തിൽ 14-ാമത് ‘ബാനർ ഒഫ് എക്സലൻസ്’അവാർഡ് ജേതാക്കളെ ആദരിച്ചു. ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി, ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്‍റ്, ലീഗൽ അഫയേഴ്സ് തുടങ്ങി വിവിധ ദുബായ് സർക്കാർ വകുപ്പുകളിലെ ഡയറക്ടർ ജനറൽമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

14 സ്ഥാപന വിഭാഗങ്ങളിലും 17 വ്യക്തിഗത വിഭാഗങ്ങളിലുമായി ലഭിച്ച 102 നാമനിർദേശങ്ങളിൽ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 14 വിദഗ്ധർ 125 മണിക്കൂർ നീണ്ട മൂല്യനിർണയ പ്രക്രിയയിലൂടെയാണ് ഇവരെ കണ്ടെത്തിയത്.

വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള 55 വിജയികളെയും മികച്ച വിഭാഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. മികവുറ്റ പ്രകടനം കാഴ്ചവെച്ചവർക്കായി 9 പ്രത്യേക അംഗീകാരങ്ങളും നൽകി. ജിഡിആർഎഫ്എയിൽ സേവനം അനുഷ്ഠിച്ച ശേഷം മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറിയ 4 ദേശീയ പ്രതിഭകളെയും പ്രത്യേകം ആദരിച്ചു. ഏറ്റവും ഉയർന്ന അംഗീകാരമായ ഈ വർഷത്തെ ‘ബാനർ ഓഫ് എക്സലൻസ്’പുരസ്കാരം എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസ് സെക്ടർ സ്വന്തമാക്കി.

"മികവ് എന്നത് ഒരു താൽക്കാലിക ലക്ഷ്യമല്ല, മറിച്ച് ഭാവിയെ ലക്ഷ്യമിട്ടുള്ള നവീനവും സുസ്ഥിരവുമായ സർക്കാർ സംവിധാനത്തെ രൂപപ്പെടുത്തുന്ന സമഗ്രമായ പ്രവർത്തന സംസ്കാരമാണ്. പുതുമകളെ പ്രോത്സാഹിപ്പിക്കുന്ന പ്രതിഭകളെ അംഗീകരിക്കുന്നതാണ് യഥാർഥ നിക്ഷേപം."- ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

മനുഷ്യവിഭവശേഷി-ധനകാര്യം, ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അഫയേഴ്സ്, കടൽ-കര അതിർത്തി പോർട്ടുകൾ, വിമാനത്താവള കാര്യങ്ങൾ, നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് വിഭാഗം, ഗവേണൻസ്, ലേബർ റിലേഷൻസ് റെഗുലേഷൻ, ഡിജിറ്റൽ സർവീസസ് എന്നീ വിഭാഗങ്ങളും വിവിധ മേഖലകളിൽ ഒന്നാം സ്ഥാനം നേടി.

logo
Metro Vaartha
www.metrovaartha.com