
തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം സംഘടിപ്പിച്ച് ദുബായ് ജിഡിആ എഫ്എ
ദുബായ്: എമിറേറ്റിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മെഗാ ഈദ് ആഘോഷം സംഘടിപ്പിച്ചു. കാറുകൾ, സ്വർണം, വിമാന ടിക്കറ്റുകൾ, 500 ദിർഹത്തിന്‍റെ വൗച്ചറുകൾ എന്നിവയുൾപ്പെടെ ഏകദേശം 5 ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് തൊഴിലാളികൾക്ക് നൽകിയത്. ബോളിവുഡ് താരങ്ങൾ അതിഥികളായെത്തിയ രണ്ടുദിവസത്തെ ആഘോഷത്തിൽ 42,000-ൽ അധികം ആളുകൾ പങ്കാളികളായി.
ദുബായിലെ അൽഖൂസ് ഏരിയയിലാണ് പരിപാടി നടന്നത്. "നമുക്കൊരുമിച്ച് ഈദ് ആഘോഷിക്കാം" എന്ന പ്രമേയത്തിലാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്. ജിഡിആർഎഫ്എ - ദുബായ് അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എമിറേറ്റ്സിന്‍റെ വർക്ക് റെഗുലേഷൻ സെക്റ്റർ അസിസ്റ്റന്‍റ് ഡയറക്റ്റർ കേണൽ ഒമർ മത്വർ അൽ മുസൈന എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ സംബന്ധിച്ചു.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഈദ് ആഘോഷത്തിൽ പങ്കെടുത്തു. ദുബായുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ സംഭാവനകൾ നൽകുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
പരിപാടിയുടെ വിജയത്തിനായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, ദുബായ് പൊലീസ്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA), ദുബായ് മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ്, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ സഹകരിച്ച് പ്രവർത്തിച്ചു. ഒപ്പം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്‍റ്, ദുബായ് ചാരിറ്റി അസോസിയേഷൻ, ബൈത്ത് അൽ ഖൈർ സൊസൈറ്റി, മായ് ദുബായ്, വീ വൺ, നബാദത്ത് അൽ എമിറേറ്റ്സ് വോളണ്ടിയർ ടീം തുടങ്ങിയ ജീവകാരുണ്യ സംഘടനകളും പരിപാടിക്ക് പിന്തുണ നൽകി.