

ചൂട് കൂടുന്നു; ദുബായിലെ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്
ദുബായ്: കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് ദുബായിലെ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവുകൾ അനുവദിച്ച് മാനവശേഷി മന്ത്രാലയം. പുതിയ നിർദ്ദേശപ്രകാരം കടുത്ത ചൂടുള്ള മാസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലിക്ക് ഫ്ലെക്സിബിൾ സമയക്രമം തെരഞ്ഞെടുക്കാം.
ഔദ്യോഗിക ചുമതലകളെ ബാധിക്കാത്ത രീതിയിൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യവും ഈ കാലയളവിൽ അനുവദിക്കും.
വേനൽക്കാലത്തെ കടുത്ത ചൂടിൽ യാത്ര ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക, ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, സ്ഥാപനങ്ങളിലെ ഊർജ ഉപഭോഗം കുറയ്ക്കുക എന്നിവയാണ് ഈ പുതിയ ഇളവുകളിലൂടെ ദുബായ് സർക്കാർ ലക്ഷ്യമിടുന്നത്.