റമദാനിൽ സർക്കാർ ജീവനക്കാർക്ക് സൗകര്യപ്രദമായ സമയക്രമവും വിദൂര ജോലി സമയവും പ്രഖ്യാപിച്ച് ദുബായ് സർക്കാർ

വെള്ളിയാഴ്ചകളിൽ, പൊതുമേഖലാ ജീവനക്കാർ സൗകര്യപ്രദമായ സമയക്രമത്തിലുള്ള ജോലിക്ക് യോഗ്യത നേടുന്നതിന് മൂന്ന് മണിക്കൂർ ജോലി ചെയ്യണം
Dubai government announces flexible working hours and remote working hours for government employees during Ramadan

റമദാനിൽ സർക്കാർ ജീവനക്കാർക്ക് സൗകര്യപ്രദമായ സമയക്രമവും വിദൂര ജോലി സമയവും പ്രഖ്യാപിച്ച് ദുബായ് സർക്കാർ

representative image

Updated on

ദുബായ്: റമദാൻ മാസത്തിൽ ദുബായ് എമിറേറ്റിലെ സർക്കാർ ജീവനക്കാരുടെ സൗകര്യപ്രദമായ സമയക്രമവും വിദൂര ജോലി സമയവും പ്രഖ്യാപിച്ച് ദുബായ് മാനവ വിഭവ ശേഷി വകുപ്പ്. ജീവനക്കാർ തിങ്കൾ മുതൽ വ്യാഴം വരെ അഞ്ചര മണിക്കൂർ ജോലി പൂർത്തിയാക്കിയാൽ, അവരെ ഒരു ദിവസം മൂന്ന് മണിക്കൂർ സൗകര്യപ്രദമായ രീതിയിൽ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ, പൊതുമേഖലാ ജീവനക്കാർ സൗകര്യപ്രദമായ സമയക്രമത്തിലുള്ള ജോലിക്ക് യോഗ്യത നേടുന്നതിന് മൂന്ന് മണിക്കൂർ ജോലി ചെയ്യണം.

കൂടാതെ, ആവശ്യകതകൾ, ജോലി സാഹചര്യങ്ങൾ, ജീവനക്കാരന് നൽകിയിട്ടുള്ള ജോലിയുടെ സ്വഭാവം എന്നിവ അനുസരിച്ച് ആഴ്ചയിൽ രണ്ട് ദിവസത്തിന് തുല്യമായ സമയം വിദൂര ജോലി ചെയ്യാൻ ജീവനക്കാർക്ക് അനുവാദം നൽകിയിട്ടുണ്ട്. ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണിത്.

റമദാൻ മാസത്തിൽ യുഎഇയിലെ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ജോലി സമയം നിശ്ചയിച്ചിട്ടുള്ളത്.

തിങ്കൾ മുതൽ വ്യാഴം വരെ ജീവനക്കാർ 3.5 മണിക്കൂർ കുറവും വെള്ളിയാഴ്ചകളിൽ 1.5 മണിക്കൂർ കുറവും സമയമാണ് ജോലി ചെയ്യുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്, പുണ്യമാസത്തിൽ പ്രതിദിനം ജോലി സമയം രണ്ട് മണിക്കൂർ കുറച്ചിട്ടുണ്ട്.

റമദാനിൽ നിശ്ചിത സമയത്തിൽ കൂടുതൽ ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടുകയോ ഓവർടൈം ജോലി ചെയ്തതിന് പ്രതിഫലം ലഭിക്കാതിരിക്കുകയോ ചെയ്താൽ, തൊഴിലുടമകൾക്കെതിരേ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാൻ തൊഴിലാളികൾക്ക് അവകാശമുണ്ട്. ഈ വർഷം മാർച്ച് 1 ന് റമദാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് യുഎഇയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com