
പെരുന്നാൾ ആഘോഷിക്കാനെത്തിയ യാത്രക്കാർക്ക് വൻ വരവേൽപ്പ് നൽകി ദുബായ് ഇമിഗ്രേഷൻ
ദുബായ്: ഈദുൽ ഫിത്വർ ആഘോഷങ്ങൾക്കായി ദുബായിലെത്തിയ സഞ്ചാരികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വൻ വരവേൽപ്പ് നൽകി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ പ്രത്യേക സമ്മാനങ്ങളും, പാസ്‌പോർട്ടിൽ ‘ഈദ് ഇൻ ദുബായ് ’ എന്ന പ്രത്യേക സ്റ്റാമ്പും പതിച്ചാണ് സ്വീകരിച്ചത്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ജീവചരിത്രമായ ‘ടു ബി ദ ഫസ്റ്റ്’ എന്ന പുസ്തകവും ജിഡിആർഎഫ്എ, യാത്രക്കാർക്ക് സമ്മാനിച്ചു.
ഈദിന്‍റെ ആദ്യ ദിവസം, യാത്രക്കാർക്ക് ലഭിക്കേണ്ട സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ, ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് എയർപോർട്ടിൽ സന്ദർശനം നടത്തിയത്.
ഈദ് അവധിക്കാലത്ത് വർദ്ധിച്ച യാത്രാത്തിരക്ക് കണക്കിലെടുത്ത്, യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി കൂടുതൽ ജീവനക്കാരെ എയർപോർട്ടിൽ വിന്യസിച്ചിരുന്നു.